വിദ്യാഭ്യാസവകുപ്പും പറയുന്നു ; തസ്തികനിർണയ ഫയലുകൾ കെട്ടിക്കിടക്കുന്നു
Wednesday, May 7, 2025 2:08 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയം സംബന്ധിച്ച ഫയലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നതു സമ്മതിച്ച് വിദ്യാഭ്യാസ വകുപ്പ്.
ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടർ തലം മുതൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് തലം വരെ തസ്തികനിർണയ ഫയലുകളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കാത്തതിനാൽ ഇവ കെട്ടിക്കിടക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
മാർച്ച് 31നുള്ളിൽ വരെ നിയമിക്കപ്പെട്ട് അംഗീകാരത്തിനായി സമർപ്പിച്ച എല്ലാ ശിപാർശകളും ഈ മാസം 15നുള്ളിൽ തീർപ്പാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ അധികാരികൾ ഉറപ്പു വരുത്തണമെന്നും ഇല്ലാത്തപക്ഷം അതിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതു നടപ്പായാൽ സംസ്ഥാനത്തെ നിരവധി അധ്യാപകർക്ക് ഏറെ ഗുണകരമാകും.
വർഷങ്ങളായി തീർപ്പാക്കാതെ ആയിരക്കണക്കിനു ഫയലുകളാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്നത്. ജീവനക്കാരുടെ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടി കൈക്കൊള്ളേണ്ട ഇത്തരം ഫയലുകളിൽ തുടർ നടപടികൾ അനന്തമായി ദീർഘിപ്പിച്ചുകൊണ്ടുപോകുന്നത് നീതി നിഷേധവും ചട്ടവിരുദ്ധവുമാണെന്ന് സർക്കുലറിൽ സൂചിപ്പിക്കുന്നു.
എയ്ഡഡ് സ്കൂളുകളിലെ നിയമന ഫയലുകളിൽ നടപടി എടുക്കുന്നതിലും തീരുമാനം എടുക്കുന്നതിലും കാലതാമസമുണ്ടാകുന്ന കാര്യവും സർക്കുലറിൽ പരാമർശിക്കുന്നു.
നിയമന ഫയലുകളിൽ മാത്രമല്ല നിയമന ഫയലുകളിൽ മാനേജർമാർ സമർപ്പിച്ചിട്ടുള്ള അപ്പീലുകളിൽ പോലും ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിൽ കാലതാമസം നേരിടുന്നതായി പരാതി ഉയരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫീസിലും നിലവിലുള്ള സമന്വയ ലോഗിനുകളിൽ തീർപ്പാക്കാത്ത ഫയലുകൾ ഏതൊക്കെയെന്നു പരിശോധിച്ച് അവയിൽ അടിയന്തരമായി തീർപ്പുകൾ ഉണ്ടാക്കണം.
ഈ മാസം 15നുള്ളിൽ ഫയലുകളിൽ ഓരോ വിദ്യാഭ്യാസ ഓഫീസിൽനിന്ന് യഥാവിധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട സൂപ്രണ്ടുമാർ മുതൽ ഓഫീസ് തലം വരെയുള്ളവർ ഉറപ്പു വരുത്തേണ്ടതാണ്.
ഇതിനു ശേഷവും നടപടികൾ ഇല്ലാതെ തുടരുന്ന ഫയലുകളുടെ വിവരങ്ങൾ സംസ്ഥാന തലത്തിൽ ശേഖരിക്കുന്നതും ഫയൽ തീർപ്പാക്കാതെ കിടന്നാൽ അതിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരേ കർശന അച്ചടക്ക നടപടി സ്വീകരിക്കുന്നതുമാണെന്നും സർക്കുലറിൽ പറയുന്നു.