അർത്തുങ്കൽ മത്സ്യബന്ധന തുറമുഖം: 103.3 കോടി രൂപയുടെ ടെൻഡറിന്
Thursday, May 8, 2025 5:52 AM IST
തിരുവനന്തപുരം: അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിലെ പുലിമുട്ടുകളുടെ നീളം വർധിപ്പിക്കാനുള്ള പ്രവൃത്തികൾക്ക് ക്ഷണിച്ച ടെൻഡറിന് മന്ത്രിസഭ അംഗീകാരം നൽകി. 103.31 കോടി രൂപയുടെ ടെൻഡറാണ് മന്ത്രിസഭ അംഗീകരിച്ചത്. ഹാർബർ എൻജിനിയറിംഗ് വകുപ്പ് തയാറാക്കിയ പദ്ധതി ഫിഷറീസ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ടിൽ നിന്നും വായ്പ മുഖേനയാണ് നടപ്പാക്കുന്നത്.
സംസ്ഥാന സർക്കാർ പൂർണമായി വായ്പ തിരിച്ചടയ്ക്കുന്ന പദ്ധതി കേന്ദ്രസർക്കാരിന്റേതാണെന്ന നിലയിൽ ചിലർ നടത്തുന്ന പ്രചാരണം പരിഹാസ്യമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാനം തിരിച്ചടയ്ക്കേണ്ട വായ്പയല്ലാതെ കേന്ദ്രസർക്കാരിനു പദ്ധതിയിൽ യാതൊരു പങ്കുമില്ലെന്നു മന്ത്രി പറഞ്ഞു.
ഐഐടി ചെന്നൈ മുഖേനെ നടത്തിയ പഠന പ്രകാരമാണ് അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ടുകളും മറ്റ് ഭൗതിക സൗകര്യങ്ങളും പദ്ധതി ആവിഷ്കരിച്ചത്. പുലിമുട്ടുകളുടെ നീളംകൂട്ടൽ, വാർഫ്, ആക്ഷൻ ഹാൾ, ലോഡിംഗ് ഏരിയ, ലോക്കർ മുറികൾ, ടോയ്ലെറ്റ് ബ്ലോക്ക്, ജലവിതരണ സംവിധാനം, ഡ്രെയിനേജ് സംവിധാനം, ഐസ് പ്ലാന്റ്, ഡ്രഡ്ജിംഗ് ആൻഡ് റിക്ലമേഷൻ, വൈദ്യുതീകരണ പ്രവൃത്തികൾ, പ്രഷർ വാഷർ ആൻഡ് ക്ലീനിംഗ് എക്യൂപ്മെന്റ് എന്നീ പ്രവൃത്തികളാണ് അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്ത് നടപ്പാക്കുന്നത്.