തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി നൽകണമെന്നു എം.ബി. രാജേഷ്
Thursday, May 8, 2025 5:52 AM IST
തിരുവനന്തപുരം: ആക്രമണകാരികളും മനുഷ്യജീവനു ഭീഷണിയാകുന്നതുമായ തെരുവുനായകളെ കൊല്ലാൻ കേന്ദ്രം അനുമതി നല്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. രാജേഷ് . തെരുവുനായ വന്ധ്യകരണത്തിന് നിലവിലുള്ള എബിസി ചട്ടങ്ങളിൽ കാര്യമായ ഇളവുകൾ വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇപ്പോൾ സംസ്ഥാനത്ത് 15 എബിസി കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഒൻപത് എണ്ണംകൂടി ആരംഭിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളും എബിസി കേന്ദ്രങ്ങൾക്കു വേണ്ടി പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
എന്നാൽ പ്രാദേശികമായ എതിർപ്പുകാരണം ആരംഭിക്കാനാകാത്ത സ്ഥിതിയാണ്.മുന്പ് കുടുംബശ്രീയുടെ നേതൃത്വത്തിൽ എണ്ണൂറോളം എബിസി നിയന്ത്രണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നു. എന്നാൽ ഹൈക്കോടതി നിർദേശപ്രകാരം അവയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു.
ആനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ഇല്ലെന്ന കാരണത്താലാണ് അനുമതി നിഷേധിച്ചത്. ഇതു തെരുവുനായകളുടെ വന്ധ്യകരണത്തെ വലിയതോതിൽ പിന്നോട്ടടിച്ചതായും മന്ത്രി വ്യക്തമാക്കി.