കറുകച്ചാലില്‍ യുവതിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: യുവതിയുടെ സുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ
Thursday, May 8, 2025 6:20 AM IST
ചങ്ങനാശേരി: കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പില്‍ നീതു കൃഷ്ണന് (36)നെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ സുഹൃത്ത് കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാല്‍ അന്‍ഷാദ് കബീര്‍ (37), കൊലപാതകത്തിനു സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയില്‍ വീട്ടില്‍ ഉജാസ് അബ്ദുള്‍സലാം (35) എന്നിവരെ കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളിയില്‍നിന്നും കസ്റ്റഡിയിലെടുത്ത ഇരുവരേയും ചോദ്യചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാടകയ്ക്കെടുത്ത് കൃത്യത്തിനുപയോഗിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളിയില്‍ വിവാഹം ചെയ്തയച്ച നീതു ഭര്‍ത്താവുമായി പിണങ്ങി നെടുംകുന്നം പൂവംപാറയിലുള്ള വാടകവീട്ടിലായിരുന്നു താമസം. ഇതിനിടെ നീതു കാഞ്ഞിരപ്പള്ളിയിലുള്ള സ്കൂള്‍ വാന്ഡ്രൈവറായ അന്‍ഷാദ് കബീറുമായി അടുപ്പത്തിലായി. അടുത്തകാലത്തായി ഇയാളുമായി നീതുവിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഇതേത്തുടര്‍ന്ന് അന്‍ഷാദ് നാളുകളായി പദ്ധതിയിട്ട് അബ്ദുള്‍സലാമിന്റെ സഹായത്തോടെ നീതുവിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ചങ്ങനാശേരിയിലെ വസ്ത്രവ്യാപരശാലയിൽ ജീവനക്കാരിയായ നീതു ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ വീട്ടില്‍നിന്നും കറുകച്ചാലിലേക്ക് നടന്നുവരുമ്പോള്‍ വെട്ടിക്കാവുങ്കല്‍ പൂവന്‍പാറപ്പടി റോഡില്‍വച്ച് ഇന്നോവകാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അബോധാവസ്ഥയില്‍ റോഡരികില്‍ കണ്ടെത്തിയ നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മരിച്ചു.
സംഭവ സ്ഥലത്തുനിന്നും ഒരു ഇന്നോവകാര്‍ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചു പോകുന്നത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ച് കറുകച്ചാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും കേസ് തെളിയിക്കാന്‍ പോലീസിനു സഹായകമായി.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി കെ. വിശ്വനാഥന്റെ നേതൃത്വത്തില്‍ കറുകച്ചാല്‍ എസ്എച്ച്ഒ പ്രശോഭ്, ചങ്ങനാശേരി എസ്എച്ച്ഒ ബി. വിനോദ് തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.