നിഖിത എസ്. കുമാർ ഐസ്റ്റാർട്ട് അംബാസഡർ പ്രോഗ്രാമിൽ ഇന്ത്യയെ പ്രതിനിധീകരിക്കും
Thursday, May 8, 2025 5:52 AM IST
തിരുവനന്തപുരം: അൾഷിമേഴ്സ് അസോസിയേഷൻ ഇന്റർനാഷണൽ കോണ്‍ഫറൻസിനോടനുബന്ധിച്ച് കാനഡയിൽ നടക്കുന്ന ഈ വർഷത്തെ ഐസ്റ്റാർട്ട് അംബാസഡർ പ്രോഗ്രാമിൽ ഇന്ത്യയിൽ നിന്നും നിഖിത എസ്. കുമാറിനെ തെരഞ്ഞെടുത്തു.
ഗ്ലോബൽ ഡിമൻഷ്യ റിസർച്ച് കമ്യൂണിറ്റിയിലേക്കുള്ള പാസ്പോർട്ടായാണ് ഈ പ്രോഗ്രാം അന്തർദേശീയ തലത്തിൽ അറിയപ്പെടുക. പ്രോഗ്രാമിന്റെ ദൈർഘ്യം ഒരു വർഷമാണ്. 27 രാജ്യങ്ങളിൽ നിന്നും 43 പേരെയാണ് പ്രോഗ്രാമിലേക്കു തെരഞ്ഞെടുത്തിരിക്കുന്നത്. അൾഷിമേഴ്സുമായി ബന്ധപ്പെട്ടുള്ള ഗവേഷണം, ചികിത്സ എന്നീ മേഖലകളിൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദേശീയ സംഘടനയാണ് ഇന്റർനാഷണൽ സൊസൈറ്റി ടു അഡ്വാൻസ് അൾഷിമേഴ്സ് റിസർച്ച് ആൻഡ് ട്രീറ്റ്മെന്റ് (ഐസ്റ്റാർട്ട്).
നിഖിത എസ്. കുമാർ പാലക്കാട് ജില്ലയിലെ കാരേക്കാട്, കരിങ്ങരപ്പുള്ളി ശ്രീനികേതം വീട്ടിൽ ജി. ശിവകുമാറിന്റെയും വി.കെ. രാധിക മേനോന്റെയും മകളാണ്.