പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി പുനഃസംഘടിപ്പിച്ചു
Thursday, May 8, 2025 5:52 AM IST
തിരുവനന്തപുരം: പോലീസിനെതിരേയുള്ള പരാതികൾ അന്വേഷിക്കുന്ന അർധ ജുഡീഷൽ അധികാരമുള്ള സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അഥോറിറ്റി പുനഃസംഘടിപ്പിച്ചു. സംസ്ഥാന മുൻ പോലീസ് മേധാവി അനിൽ കാന്തിനെ അഥോറിറ്റി അംഗമായി നിയമിച്ചു. അംഗമായിരുന്ന മുൻ ഡിജിപി കെ.പി. സോമരാജന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണു നിയമനം. മൂന്നു വർഷമാണ് കാലാവധി.
അഥോറിറ്റിയിലെ ജുഡീഷൽ അംഗമായിരുന്ന പി.കെ. അരവിന്ദബാബുവിന് മൂന്നു വർഷത്തേക്കു കൂടി പുനർനിയമനം നൽകി. മുൻ ജില്ലാ ജഡ്ജിയാണ് അരവിന്ദ് ബാബു.
മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് (റിട്ട.) വി.കെ. മോഹനനാണ് അഥോറിറ്റി ചെയർമാൻ. ഡൽഹി സ്വദേശിയായ അനിൽകാന്ത് ഷെയ്ക് ദർബേഷ് സാഹിബിന് തൊട്ടു മുൻപു സംസ്ഥാന പോലീസ് മേധാവിയായിരുന്നു.