കർഷക മഹാപഞ്ചായത്ത് 10, 11 തീയതികളിൽ മൂവാറ്റുപുഴയിൽ
Thursday, May 8, 2025 6:07 AM IST
മൂവാറ്റുപുഴ: സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 111 കർഷക ബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ "ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം' അടിസ്ഥാന വിഷയമാക്കി രണ്ടു ദിവസത്തെ കർഷക മഹാപഞ്ചായത്ത് 10നും 11നും മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
"ഭൂമി നിയമങ്ങൾമൂലം പീഡിപ്പിക്കപ്പെടുന്ന ജനത', 'വന്യജീവി സംഘർഷവും വനനിയമങ്ങളും', "സംസ്ഥാന ധനകാര്യ പ്രതിസന്ധി', "മനുഷ്യരും പരിസ്ഥിതിയും', "വികസനത്തിൽ ഒഴിവാക്കപ്പെട്ടവർ ഒന്നിക്കുന്നു', "കാർഷിക ചെറുകിട കച്ചവട മേഖലയിലെ പ്രതിസന്ധികൾ', "കുടുംബശ്രീ മോഡലിൽ കർഷകശ്രീ', "കർഷക മഹാപഞ്ചായത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ നയരൂപീകരണം', "ഒഴിവാക്കപ്പെട്ടവരുടെ പ്രകടനപത്രിക തയാറാക്കി രാഷ്ട്രീയ നേതൃത്വത്തിന് സമർപ്പിക്കൽ' തുടങ്ങി, കേരളത്തെ പൊതുവായി ബാധിക്കുന്ന ഒന്‍പത് വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ചർച്ചകളുമാണ് നടക്കുന്നത്.
10ന് റിട്ട. ഹൈക്കോടതി ജഡ്ജി കെമാൽപാഷ മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്യും. വന്യജീവി സംഘർഷം ഒഴിവാക്കാനുള്ള മാർഗങ്ങളെക്കുറിച്ച് അദ്ദേഹം പ്രബന്ധം അവതരിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ, സ്വാമി ഗുരുശ്രീ, കോവിൽമല രാജാവ് രാമൻ രാജമന്നാൻ എന്നിവർ സന്ദേശങ്ങൾ നൽകും. "മാറ്റി എഴുതണം വനം/വന്യ ജീവി നിയമം' എന്ന വിഷയത്തിൽ ജോണി കെ. ജോർജ് പത്തനംതിട്ട പ്രബന്ധം അവതരിപ്പിക്കും.
ദേശീയ കർഷക സമര നേതാവ് ശിവകുമാർ വർമ കക്കാജി ദേശീയ കർഷക സമര വിലയിരുത്തൽ നടത്തും.
കേരളത്തിന്റെ സാന്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ച ഉദ്ഘാടനം ചെയ്യുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കർഷക മഹാപഞ്ചായത്തിലെ ചർച്ചകൾക്കായി തയാറാക്കിയ സമീപന രേഖ ശിവകുമാർ കക്കാജിയിൽനിന്ന് ഏറ്റുവാങ്ങും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യസന്ദേശം നൽകും. "ജീവൻ നിലനിർത്തുന്ന കർഷകർ' എന്ന വിഷയത്തിൽ ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും.
ജനപക്ഷ, കർഷകപക്ഷ നിയമപോരാട്ട ആദരവ് ജോണ്സണ് മനയാനി, ജോണ്‍ മത്തായി എന്നിവർ പ്രതിപക്ഷ നേതാവിൽനിന്ന് ഏറ്റുവാങ്ങും. ഡോ. ജോസ് സെബാസ്റ്റ്യൻ. സി.പി. ജോണ്‍ എന്നിവർ സാന്പത്തിക പ്രതിസന്ധിയെപ്പറ്റി ക്ലാസുകൾ നയിക്കും. "കേരളത്തിലെ ഭൂനിയമങ്ങൾ' എന്ന വിഷയത്തിൽ ലിഡ ജേക്കബ്, ജയിംസ് വർഗീസ്, ബിജു പ്രഭാകർ എന്നിവർ ക്ലാസുകൾ നയിക്കും. "പരിസ്ഥിതി ലോല മേഖലയിലെ കർഷകരുടെ മണ്ണവകാശങ്ങൾ' എന്ന വിഷയത്തിൽ മെർക്കിസ്റ്റണ്‍ കന്പനി ചെയർമാൻ സേവി മനോ മാത്യുവും "ദേശീയപാത വനമാണെന്ന വനംവകുപ്പിന്റെ നിലപാടിനെ' സംബന്ധിച്ച് ഫാം സെക്രട്ടറി സിജുമോൻ ഫ്രാൻസിസും പ്രബന്ധങ്ങൾ അവതരിപ്പിക്കും. വൈകുന്നേരം 6.30 മുതൽ "ജനാധിപത്യത്തിന്റെ ശക്തീകരണം ഒഴിവാക്കപ്പെട്ടവർ ഒന്നിക്കുന്നു' എന്ന വിഷയത്തിൽ നയരൂപീകരണത്തിനും ചർച്ചയ്ക്കും ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസണ്‍, ജനോക്രസി ഉപജ്ഞാതാവ് ജോയി മൂക്കൻതോട്ടം എന്നിവർ ഓപ്പണ്‍ ഹൗസ് ചർച്ചകൾക്ക് നേതൃത്വം നൽകും.
ചെറുകിട കച്ചവട മേഖല, ആദിവാസി. കർഷക, ഡെയറി, മുട്ട, മത്സ്യബന്ധന മേഖലകളിലെ പ്രതിസന്ധികളെ സംബന്ധിച്ച് പി.എം. ബേബി, എ.ഡി. ജോണ്സണ്, എം.കെ. ബാബു, വർഗീസ് കണ്ണന്പള്ളി എന്നിവർ ക്ലാസുകൾ നയിക്കും. "കൃഷിയാണ് യഥാർഥ അവശ്യ സർവീസ്, കർഷകരില്ലാതെ ജീവൻ നിലനിർത്താനാവില്ല' എന്ന വിഷയം ചർച്ച ചെയ്യുന്ന സെഷനിൽ വ്യാപാരിവ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി പയ്യന്പള്ളി അധ്യക്ഷത വഹിക്കും. കുടുംബശ്രീ സ്ഥാപകൻ ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തും.
കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ജോസ് തയ്യിൽ, അണ്ണാമലൈ യൂണിവേഴ്സിറ്റി റൂറൽ ഡവലപ്മെന്റ് വിഭാഗം മുൻ മേധാവി ഡോ. ഗോവിന്ദരാജ് വേദാന്തേശികൻ, റഡ്റ്റാർ സിഇഒ ജോയിസ് മാത്യു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. "കർഷകരും ബാങ്ക് വായ്പകളും' എന്ന വിഷയത്തെ സംബന്ധിച്ച് ബിനോയ് തോമസ് ക്ലാസ് നയിക്കും.
മഹാപഞ്ചായത്തിന്റെ നയപ്രഖ്യാപന സമാപന സമ്മേളനത്തിൽ മന്ത്രി കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. കർഷക മഹാപഞ്ചായത്തിലെ ചർച്ചകളെയും സംവാദങ്ങളെയും അടിസ്ഥാനമാക്കി തയാറാക്കുന്ന കർഷക പ്രകടന കർഷക മഹാപഞ്ചായത്തിന് നേതൃത്വം നൽകുന്ന സേവ് വെസ്റ്റേണ്‍ ഗാട്ട്സ് പീപ്പിൾ ഫൗണ്ടേഷൻ ചെയർമാൻ ജയിംസ് വടക്കൻ രാഷ്ട്രീയ നേതാക്കൾക്ക് സമർപ്പിക്കും.
നയപ്രഖ്യാപന സമ്മേളനത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ എംപിമാരായ ജോസ് കെ. മാണി, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, മാത്യു കുഴൽനാടൻ എംഎൽഎ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. ജോസഫ്. ബിജെപി നേതാവ് ഷോണ്‍ ജോർജ്, ബിജെപി കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ തുടങ്ങിയവർ പ്രസംഗിക്കും.