ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് 16 കോച്ചുകൾ
സ്വന്തം ലേഖകൻ
Thursday, May 8, 2025 5:52 AM IST
കൊല്ലം: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന് 16 കോച്ചുകൾ ഏർപ്പെടുത്തും. ഇതു സംബന്ധിച്ച നിർദേശം റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകും.
ചെന്നൈ എഗ്മോർ - നാഗർ കോവിൽ വന്ദേഭാരത് എക്സ്പ്രസ് 16 കോച്ചിൽ നിന്ന് 20 കോച്ചിലേയ്ക്ക് ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ വണ്ടി 20 കോച്ചിലേയ്ക്ക് മാറുമ്പോൾ നിലവിൽ ഉണ്ടായിരുന്ന 16 കാർ റേക്ക് തിരുവനന്തപുരം -മംഗളുരു വന്ദേ ഭാരതിനായി ഉപയോഗിക്കാനാണ് തീരുമാനം. നിലവിൽ ഈ വന്ദേഭാരത് സർവീസ് നടത്തുന്നത് എട്ട് കോച്ചുകളുമായാണ്.
എല്ലാ ദിവസവും 100 ശതമാനം യാത്രക്കാരുമായാണ് വണ്ടി ഇരു ദിശകളിലും സർവീസ് നടത്തുന്നത്. കോച്ചുകളുടെ എണ്ണം ഇരട്ടിയാകുന്നതോടെ നൂറുകണക്കിന് ആൾക്കാർക്ക് പ്രയോജനം ചെയ്യും. 530 സീറ്റുകളാണ് അധികമായി ലഭിക്കുക. രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന 16 കോച്ചുകളുള്ള പല വന്ദേഭാരത് എക്സ്പ്രസുകളും 20 കോച്ചുള്ള സർവീസുകളായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്.