നേരിയ നേട്ടത്തിൽ വിപണി
Thursday, May 8, 2025 4:11 AM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേരിയ തോതിൽ നേട്ടത്തോടെ ഇന്നലെവ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡറൽ റിസർവിന്റെ നയ തീരുമാനത്തിന് മുന്നോടിയായി വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ജാഗ്രതയും നിക്ഷേപകരെ പരിഭ്രാന്തരാക്കി. പാക്കിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയ സാഹചര്യമുണ്ടായിട്ടും വിപണികൾക്ക് തിരിച്ചുകയറാനായി.
ബോംബെ സെൻസെക്സ് 105.71 പോയിന്റ് (0.13%) നേട്ടത്തിൽ 80746.78ലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് നിഫ്റ്റി 34.80 പോയിന്റ് (0.14) ഉയർന്ന് 24414.40ലും ക്ലോസ് ചെയ്തു. 2121 ഓഹരികൾ മുന്നേറിയപ്പോൾ 1620 എണ്ണം താഴ്ന്നു. 149 ഓഹരികൾക്ക് മാറ്റമുണ്ടായില്ല. മിഡ്, സ്മോൾകാപ് സൂചികളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് 1.36 ശതമാനവും സ്മോൾകാപ് 1.16 ശതമാനവും ഉയർന്നു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) തുടർച്ചയായ 14 സെഷനുകളിലായി 43,900 കോടി രൂപയിലധികം ഇന്ത്യൻ ഓഹരികളിലേക്ക് ഒഴുക്കി. ഈ സ്ഥിരമായ നിക്ഷേപം വിപണിയിലെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. യുഎസ് വളർച്ചാ പ്രതീക്ഷകൾ മയപ്പെടുത്തുന്നതും, ചൈനയുടെ മന്ദഗതിയിലുള്ള വളർച്ചയും, ആപേക്ഷികമായി ഇന്ത്യയുടെ വളർച്ചാ പ്രകടനവും ഇതിന് സഹായകമായി.
എൻഎസ്ഇയിലെ മേഖല സൂചികകൾ പ്രധാനമായും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയുടെ കരുത്തിൽ നിഫ്റ്റി ഓട്ടോ സൂചിക 1.66 ശതമാനം ഉയർന്നു. കണ്സ്യൂമർ ഡ്യൂറബിൾസ്, മീഡിയ എന്നിവയ യഥാക്രമം 1.18 ശതമാനവും 1.06 ശതമാനവും നേട്ടമുണ്ടാക്കി.
മെറ്റൽ, എനർജി, റിയാലിറ്റി, ബാങ്കിംഗ് ഓഹരികളും മാന്യമായ മുന്നേറ്റം നടത്തി. നിഫ്റ്റി മെറ്റൽ 0.98 ശതമാനവും നിഫ്റ്റി ബാങ്ക് 0.63 ശതമാനവും നേട്ടമുണ്ടാക്കി. സ്വകാര്യ ബാങ്കുകൾ പൊതുമേഖലാ ഓഹരികളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു, അതേസമയം ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നേരിയ ഉയർച്ച രേഖപ്പെടുത്തി. പ്രധാന മേഖലാ സൂചികകളിൽഎഫ്എംസിജി, ഫാർമ എന്നിവ മാത്രമാണ് പിന്നാക്കംപോയത്. യഥാക്രമം 0.52 ശതമാനവും 0.33 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ടാറ്റ മോട്ടോഴ്സിന്റെ ഓഹരികൾ 5.18 ശതമാനം ഉയർന്ന് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു. ടാറ്റ മോട്ടോഴ്സ് രണ്ടായി വിഭജിക്കാനുള്ള തീരുമാനത്തിന് ഓഹരി ഉടമകളുടെ വൻ പിന്തുണ ലഭിച്ചത് കന്പനിക്ക് പ്രചോദനമായി. ഇതേത്തുടർന്നാണ് കന്പനിയുടെ ഓഹരി വിലയിൽ കുതിപ്പുണ്ടാത്. ഇന്ത്യ-യുകെ വ്യാപാര കരാറിൽ നിന്ന് കന്പനിക്ക് നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ട്.
ബ്രിട്ടനിൽനിന്നുള്ള വാഹന ഇറക്കുമതി തീരുവ 100 ശതമാനമായിരുന്നത് പരിമിതമായ ക്വാട്ട അടിസ്ഥാനത്തിൽ 10 ശതമാനമായി ഇന്ത്യ കുറയ്ക്കും. യുകെ ലക്ഷ്വറി ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ എന്നിവ ടാറ്റയുടെ ഉടമസ്ഥതയിലാണ്. ഈ ബ്രാൻഡുകൾക്ക് നികുതി ഇളവ് നേടുന്നതിനും സഹായകമായി മാറും.
മിഡ്, സ്മോൾകാപ് സൂചികകളിലുണ്ടായ ഉയർച്ചയുടെ കരുത്തിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ മൊത്തത്തിലുള്ള വിപണി മൂലധനം കഴിഞ്ഞ സെഷനിലെ 421 ലക്ഷം കോടി രൂപയിൽ നിന്ന് 423 ലക്ഷം കോടി രൂപയിലെത്തി. നിക്ഷേപകർക്ക് ഒരു ദിവസം രണ്ടു ലക്ഷം കോടി രൂപയുടെ സന്പാദ്യം നൽകി.
പാക്കിസ്ഥാൻ വിപണി തകർന്നു
അതിർത്തികടന്നുള്ള ഇന്ത്യയുടെ ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന്റെ ഓഹരി സൂചികയായ കെഎസ്ഇ-100 ഇന്നലെ 5.7 ശതമാനം വരെ ഇടിഞ്ഞു. 2021നുശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ്. പിന്നീട് ഈ നഷ്ടം മൂന്നു ശതമാനമായി കുറച്ചു.
കറാച്ചി സ്റ്റോക് എക്സ്ചേഞ്ചിനെ പ്രതിനിധീകരിക്കുന്ന കെഎസ്ഇ-100 സൂചിക ഏപ്രിലിൽ ആറു ശതമാനത്തിലേറെ ഇടിഞ്ഞിരുന്നു. 2023 ഓഗസ്റ്റിനുശേഷം ഒരു മാസത്തെ ഏറ്റവും മോശം പ്രകടനമാണ്. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വില്പനയ്ക്കു പ്രേരിപ്പിക്കുകയാണ്.
ഇന്ത്യയുടെ ആക്രമണത്തിനുശേഷം കെഎസ്ഇ സൂചിക 6560.82 പോയിന്റ് താഴ്ന്ന് 107007.68ലാണ് വ്യാപാരം തുടങ്ങിയത്.