സിന്ദൂരത്തീമഴ; ഒന്പത് പാക് ഭീകരതാവളങ്ങൾ തകർത്ത് ഇന്ത്യ
സനു സിറിയക്
Thursday, May 8, 2025 5:19 AM IST
ന്യൂഡൽഹി: രാജ്യം ഒന്നടങ്കം ആഗ്രഹിച്ചത് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം നടപ്പാക്കി. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്നലെ പുലർച്ചെ പാക്കിസ്ഥാനിലും പാക് അധിനിവേശ കാഷ്മീരിലുമായി ഭീകരരുടെ ഒന്പതു കേന്ദ്രങ്ങൾ സൈന്യം തരിപ്പണമാക്കി. ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ തകർന്നടിഞ്ഞത് മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തി വലുതാക്കിയ ഭീകരരുടെപരിശീലനകേന്ദ്രങ്ങളാണ്.
ജെയ്ഷ്-ഇ- മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവൽപുരിലെ മർക്കസ് സുബ്ഹാനള്ളാ തീവ്രവാദ ക്യാന്പ് അടക്കം ഇന്ത്യൻ സേന തീഗോളമാക്കി. കൃത്യമായ കണക്കുകൂട്ടലുകൾക്കും കൂടിയാലോചനകൾക്കും ശേഷമായിരുന്നു ഇന്ത്യൻ സേനയുടെ ആക്രമണം.
പുലർച്ചെ 1.05ന് ആരംഭിച്ച മിസൈൽ ആക്രമണം 25 മിനിറ്റ് നീണ്ടു. 1.30ന് ആക്രമണം അവസാനിച്ചപ്പോൾ ജെയ്ഷ്-ഇ- മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ഒന്പത് ഭീകരകേന്ദ്രങ്ങൾ ചാരമായി. ആക്രമണത്തിൽ ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇന്ത്യൻ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്നും 46 പേർക്കു പരിക്കേറ്റെന്നു പാക്കിസ്ഥാൻ സൈന്യം പറഞ്ഞു.

നൂറുകണക്കിനു പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. ഒന്പത് ലക്ഷ്യസ്ഥാനങ്ങളിൽ നാലെണ്ണം പാക്കിസ്ഥാനുള്ളിലും അഞ്ചെണ്ണം പാക് അധിനിവേശ കാഷ്മീരിലുമായിരുന്നു. ഇന്ത്യൻ അതിർത്തി മറികടക്കാതെ തന്നെയാണ് ദീർഘദൂര മിസൈലുകളുടെയും റഫാൽ യുദ്ധവിമാനങ്ങളുടെയും സഹായത്തോടെ പാക്കിസ്ഥാൻ മണ്ണിലെ ഭീകരക്യാന്പുകൾ ഇന്ത്യ ആക്രമിച്ചത്.
കൃത്യമായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു "ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട സൈനികനീക്കം. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കാത്ത തരത്തിലാണ് സൈന്യം ആക്രമണം നടത്തിയതെന്നു കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിനെപ്പറ്റി ഒൗദ്യോഗിക വിശദീകരണം നൽകാൻ ഇന്നലെ രാവിലെ 10.30നു നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇരുവരും.
കൃത്യതയോടെ ആക്രമണം
പാക്കിസ്ഥാൻ സൈനികകേന്ദ്രങ്ങളെ ലക്ഷ്യം വച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. "കൊളാറ്ററൽ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ പോലും തെരഞ്ഞെടുത്തതെന്ന് വിംഗ് കമാൻഡർ വ്യോമിക സിംഗ് വ്യക്തമാക്കി.
പഹൽഗാമിൽ ഏപ്രിൽ 22 നു നടന്ന അക്രമത്തിൽ കൊല്ലപ്പെട്ട 26 പേർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നീതി നടപ്പാക്കുന്നതിനുവേണ്ടി സൈന്യം നടത്തിയ പ്രത്യാക്രമണമാണ് ഓപ്പറേഷൻ സിന്ദൂർ. "നീതി നടപ്പാക്കി’ എന്നാണ് ഓപ്പറേഷനു പിന്നാലെ സൈന്യം സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്.
പഹൽഗാം ആക്രമണത്തിനു പിന്നാലെ കൃത്യമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. തിരിച്ചടിക്കുള്ള പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിനു കൈമാറിയതോടെ പാക്കിസ്ഥാനുള്ള മറുപടി എപ്പോൾ ആണെന്ന കാത്തിരിപ്പിലായിരുന്നു രാജ്യം. ഭീകരാക്രമണം ഉണ്ടായതിനു പിന്നാലെ ആദ്യം നയതന്ത്ര നീക്കത്തിലൂടെ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ച ഇന്ത്യ സൈനികനീക്കത്തിലൂടെ അത് പൂർത്തിയാക്കി. എന്നാൽ, യുദ്ധത്തിനു താത്പര്യമില്ലെന്നും ഇങ്ങോട്ട് ആക്രമിച്ചാൽ പ്രത്യാക്രമണം ഉണ്ടാകുമെന്നും സൈനികനീക്കത്തിനു പിന്നാലെ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ലോകരാജ്യങ്ങളെ വിശ്വാസത്തിലെടുത്തു നീക്കം
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യയിൽ സന്ദർശനം നടത്തവേയാണ് പാക്കിസ്ഥാന്റെ പിന്തുണയോടെ പഹൽഗാമിൽ ഒരു നേപ്പാൾ പൗരൻ അടക്കം 26 പേരെ ഭീകരർ വെടിവച്ച് കൊല്ലുന്നത്. പിന്നീടിങ്ങോട്ടുള്ള 15 ദിവസവും കൃത്യമായ പദ്ധതിയോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ലോകരാജ്യങ്ങളെയെല്ലാം വിഷയം കൃത്യമായി ധരിപ്പിച്ചു.
അമേരിക്ക, റഷ്യ, ബ്രിട്ടൻ അടക്കമുള്ള ലോകരാജ്യങ്ങൾ തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ നീക്കത്തിനു പിന്തുണയുമായി രംഗത്തുവന്നു. യു എൻ സുരക്ഷാ സമിതിയിലടക്കം പാക്കിസ്ഥാന്റെ തീവ്രവാദ പ്രവർത്തനത്തിനെതിരേ വിമർശനമുണ്ടായി. ലോകരാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാനെയും അവരുടെ തീവ്രവാദ പ്രവർത്തനത്തെയും ഒറ്റപ്പെടുത്താനുള്ള നീക്കം ഒരു പരിധിവരെ വിജയിച്ചു എന്നുവേണം കണക്കാക്കാൻ.