ഒത്തൊരുമിച്ച്, തലയുയർത്തി ഇന്ത്യ
സ്വന്തം ലേഖകൻ
Thursday, May 8, 2025 5:19 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകിയുള്ള ഇന്ത്യയുടെ സൈനികനീക്കത്തിൽ തലയുയർത്തി രാജ്യം. ഒറ്റക്കെട്ടോടെ ഇന്ത്യൻ സൈന്യത്തെയും ഭീകരവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയെയും അഭിമാനത്തോടെ അഭിനന്ദിക്കുകയാണ് രാഷ്ട്രീയ നേതാക്കളും ജനങ്ങളും. തീവ്രവാദത്തോടുള്ള ഇന്ത്യയുടെ പോരാട്ടത്തിനു കക്ഷി, രാഷ്ട്രീയഭേദമില്ലാതെ രാജ്യം ഒറ്റക്കെട്ടായി പിന്തുണ നൽകി.
ഓപ്പറേഷൻ സിന്ദൂരിനു പിന്നാലെ ഔദ്യോഗിക പ്രസ്താവനകളൊന്നും നൽകിയിട്ടില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭായോഗത്തിൽ ഓപ്പറേഷൻ സിന്ദൂരിനെ അദ്ദേഹം “അഭിമാന നിമിഷം” എന്ന് വിശേഷിപ്പിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്തുത്യർഹമായ ജോലിക്കും ആസൂത്രണം ചെയ്ത പദ്ധതി കുറ്റമറ്റമായി നടപ്പിലാക്കിയതിനും സായുധസേനയെ യോഗത്തിൽ മോദി പ്രശംസിച്ചിട്ടുണ്ട്. സായുധസേനകളിൽ അഭിമാനമുണ്ടെന്നും പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടതിനുള്ള ഇന്ത്യയുടെ പ്രതികരണമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. അർധരാത്രിയിലെ ആക്രമണത്തിനുശേഷം പ്രതിരോധമന്ത്രിയാണ് ആദ്യ ഔദ്യോഗിക പ്രതികരണം നടത്തിയത്. തിരിച്ചടി നടത്തിയതിനു ശേഷം ഭാരത് മാതാ കീ ജയ് വിളിച്ചു കൊണ്ടാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എക്സിൽ കുറിപ്പിട്ടത്.
പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും തീവ്രവാദ ക്യാമ്പുകളിൽ ഓപ്പറേഷൻ സിന്ദൂരിനു കീഴിൽ ആക്രമണം നടത്തി തക്ക മറുപടി കൊടുത്ത ഇന്ത്യൻ സായുധ സേനയിൽ അഭിമാനമുണ്ടെന്നായിരുന്നു നിലവിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയ കോണ്ഗ്രസ് യോഗത്തിനു ശേഷം കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചത്.
നിലവിൽ രാജ്യത്തിന്റെ ഐക്യവും സമഗ്രതയും എല്ലാ തലങ്ങളിലും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് രാജ്യത്തെ ധീരരായ സൈനികരോടൊപ്പം തോളോട്തോൾ ചേർന്ന് നിലകൊള്ളുന്നുവെന്നും കോണ്ഗ്രസ് അധ്യക്ഷൻ പ്രതികരിച്ചു. നമ്മുടെ സായുധസേനകളിൽ അഭിമാനമുണ്ടെന്നും കോണ്ഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണ സേനയ്ക്കൊപ്പമുണ്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
തീവ്രവാദത്തിനെതിരെയുള്ള രാജ്യത്തിന്റെ നടപടികളിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും അഭിനന്ദനം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്ത അഖിലേഷ് തീവ്രവാദത്തിന്റെ വേരറുക്കണമെന്നും ആവശ്യപ്പെട്ടു. “ജയ് ഹിന്ദ്, ജയ് ഇന്ത്യ’’ എന്ന് എക്സിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് തൃണമൂൽ കോണ്ഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്തത്.
സൈന്യത്തോടൊപ്പവും രാജ്യത്തോടൊപ്പവും ദൃഢനിശ്ചയത്തോടെ തമിഴ്നാട് നിലകൊള്ളുന്നുവെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യക്തമാക്കിയത്. സൈനിക മേഖലയിലും ജനവാസ മേഖലയിലും ആക്രമണം നടത്താതെ തീവ്രവാദ മേഖലയെ മാത്രം ലക്ഷ്യമിട്ടു ഇന്ത്യ നടത്തിയ ആക്രമണമാണ് ഭീകരവാദത്തിനെതിരെയുള്ള ശരിയായ മറുപടിയെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രിയും നാഷണൽ കോണ്ഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള പ്രതികരിച്ചു.
സർവകക്ഷി യോഗത്തിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾക്കെല്ലാം പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും സിപിഎം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം നടപടികൾക്കൊപ്പം പഹൽഗാം ഭീകരാക്രമണത്തിന് കാരണക്കാരായവരെ കൈമാറാൻ നടപടി വേണം.
കൂടാതെ അവരുടെ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന തീവ്രവാദ ക്യാന്പുകൾ ഇല്ലായ്മ ചെയ്യാൻ പാക്കിസ്ഥാന് മേൽ സമ്മർദം ചെലുത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു. ഇന്ത്യൻ സേനയ്ക്ക് റെഡ് സല്യൂട്ട് നൽകിക്കൊണ്ടാണ് മുൻ പ്രതിരോധ മന്ത്രിയും കോണ്ഗ്രസ് നേതാവുമായ എ.കെ. ആന്റണി ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്തത്.