കേന്ദ്രപദ്ധതി: ജില്ലാ ആശുപത്രികൾ കാൻസർ കെയർ ഹബ്ബുകളാകുന്നു
Thursday, May 8, 2025 5:18 AM IST
ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെയും കാൻസർ, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, സ്ട്രോക്ക് എന്നിവ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പരിപാടികൾക്കും കീഴിൽ കേന്ദ്ര സർക്കാർ കാൻസർ പരിചരണം വിപുലീകരിച്ചു. മുൻകൂട്ടിയുള്ള രോഗനിർണയം, ചികിത്സ, സാന്ത്വന പരിശീലനം എന്നിവ എത്തിക്കുന്നതിലൂടെ നഗര, ഗ്രാമീണ ആരോഗ്യ സംരക്ഷണ വിഭജനം നികത്തുകയാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര ഗവൺമെന്റ് ലക്ഷ്യമിടുന്നത്.
എയിംസ് ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ അടക്കമുള്ള പ്രമുഖ ഓങ്കോളജിസ്റ്റുകളുമായി ടെലി മെഡിസിൻ കൺസർട്ടേഷനുകൾ ഉൾപ്പെടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി മുന്നൂറിലധികം ജില്ലാ ആശുപത്രികളെയാണ് രാജ്യത്ത് നവീകരിക്കുന്നത്.
കൂടാതെ ഇന്ത്യയിൽ ഉടനീളമുള്ള 270ൽ അധികം കാൻസർ സെന്ററുകളെ ബന്ധിപ്പിക്കുന്ന ദേശീയ കാൻസർ ശൃംഖല അടിസ്ഥാന ചികിത്സ പ്രോട്ടോക്കോളുകൾ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.
പദ്ധതി നടപ്പിലാക്കുന്നതിലൂടെ കാൻസർ പരിചരണത്തിനായി ഭാരതത്തിലെ ഒരു രോഗിക്കും നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിക്കേണ്ടി വരില്ല എന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ അഭിപ്രായപ്പെട്ടു. ഇന്ത്യ പ്രതിവർഷം 1.4 ദശലക്ഷം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇതിൽ 12 ശതമാനം വർധനവുണ്ടായേക്കാം.
ദേശീയ കാൻസർ രജിസ്ട്രി പ്രോഗ്രാം എടുത്തു കാണിക്കുന്നത് 70 ശതമാനം കാൻസർ സെന്ററുകളും നഗരപ്രദേശങ്ങളിലാണെന്നാണ്. അതേസമയം ജനസംഖ്യയുടെ 70 ശതമാനം ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ഇത് രോഗനിർണയം വൈകുന്നതിനും തന്മൂലമുള്ള മരണങ്ങൾക്കും കാരണമാകുന്നു.
ജില്ലാ ആശുപത്രികൾ നവീകരിക്കുന്നതിലൂടെ നേരത്തേയുള്ള രോഗനിർണയം നടത്തുന്നതിനും തന്മൂലം അതിജീവന നിരക്ക് ഗണ്യമായി മെച്ചപ്പെടുത്താനും സാധിക്കും എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് കൊണ്ട് പ്രവർത്തിക്കുന്ന ഡയഗ്നോസ്റ്റിക് ടൂളുകളും സഞ്ചരിക്കുന്ന സ്ക്രീനിംഗ് യൂണിറ്റുകളും വിദൂര ഗ്രാമങ്ങളിൽപോലും കേന്ദ്ര ഗവൺമെന്റ് വിന്യസിച്ചിട്ടുണ്ട്. പദ്ധതിക്ക് അനുബന്ധമായി കാൻസർ ചികിത്സയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനായി തെരഞ്ഞെടുത്ത ജില്ലാ ആശുപത്രികളിൽ റോബോട്ടിക് സർജറിയുടെ ഉപയോഗം കേന്ദ്ര ആരോഗ്യമന്ത്രാലയം വിപുലീകരിക്കുന്നുണ്ട്.
ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നതിന് ഡോക്ടർമാർ, നേഴ്സുമാർ, റേഡിയോളജിസ്റ്റുകൾ എന്നിവർ ഉൾപ്പെടെ 5000 ആരോഗ്യ പ്രവർത്തകർക്കായി രാജവ്യാപകമായി ഓങ്കോളജി പരിശീലന പരിപാടി ആരംഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളെ കാൻസർ കെയർ ഹബ്ബുകളാക്കി മാറ്റാനുള്ള നീക്കം യൂണിവേഴ്സൽ ഹെൽത്ത് കവറേജിലേക്കുള്ള ഇന്ത്യയുടെ യാത്രയിലെ ഒരു നാഴികക്കല്ലാണ്. ഇന്ത്യയിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. റോഡറിക്കോ എച്ച്. ഒഫ്രിൻ, സംരംഭത്തെ പ്രശംസിച്ചു. ഇന്ത്യയുടെ മാതൃക കാണിക്കുന്നത് രാഷ്ട്രീയ ഇച്ഛാശക്തിയും നവീകരണവും എങ്ങനെ ആരോഗ്യ സംരക്ഷണ മേഖലകളായി മാറുമെന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.