താരങ്ങളായി സ്കാൾപ് മിസൈലും ഹാമർ ബോംബും
സ്വന്തം ലേഖകൻ
Thursday, May 8, 2025 5:18 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഒന്പത് ഭീകരകേന്ദ്രങ്ങൾ തീഗോളമാക്കിയ ദൗത്യത്തിന് സൈന്യം ഉപയോഗിച്ചത് സ്കാൾപ് ക്രൂസ് മിസൈലുകളും ഹാമർ പ്രിസിഷൻ ബോംബുകളുമാണ്. ഇവ ഘടിപ്പിച്ചത് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ റഫാൽ യുദ്ധവിമാനത്തിൽ. അതീവ പ്രഹരശേഷിയുള്ള വിദേശ നിർമിത ബോംബുകളും മിസൈലുകളുമാണ് ഇവ.
സ്കാൾപ് അഥവാ സ്റ്റോം ഷാഡോ മിസൈലുകൾ
ഏത് കാലാവസ്ഥയിലും വായുവിൽനിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ദീർഘദൂര യൂറോപ്യൻ നിർമിത മിസൈലുകളാണിവ. സ്റ്റോം ഷാഡോ എന്നത് ബ്രിട്ടീഷ് പേരാണ്. ഫ്രാൻസിൽ ഇതിനെ സ്കാൾപ്-ഇജി എന്നു വിളിക്കും. ലക്ഷ്യസ്ഥാനം കൃത്യമായി മനസിലാക്കി പ്രഹരിക്കാൻ ഈ മിസൈലുകൾക്കു സാധിക്കും. അതിന്യൂനത ദിശ നിർണയ സംവിധാനം മിസൈലിന് ഉള്ളതിനാൽ ലക്ഷ്യസ്ഥാനം കൃത്യമായി നിർണയിക്കാൻ സാധിക്കുമെന്നാണ് ഇതിന്റെ നിർമാതാക്കളായ എംബിഡിഎ സിസ്റ്റം ചൂണ്ടിക്കാട്ടുന്നത്.
മിസൈൽ റഡാറുകളുടെ കണ്ണിൽപ്പെടാതിരിക്കാൻ, വിക്ഷേപിച്ചശേഷം ഭൂപ്രദേശത്തോട് വളരെ താഴ്ന്നു ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുന്നു. ജിപിഎസും ഭൂപ്രദേശത്തിന്റെ മാപ്പും അടിസ്ഥാനമാക്കിയാണ് സ്കാൾപ് ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുക.
ലക്ഷ്യസ്ഥാനത്തോടടുക്കുന്പോൾ മിസൈലിലെ ഇൻഫ്രാറെഡ് കാമറ പ്രവർത്തിക്കുകയും ലക്ഷ്യം കൃത്യമായി തിരിച്ചറിയുകയും അത് തകർക്കുകയും ചെയ്യും. റഡാർ, ഇൻഫ്രാറെഡ്, സോണാർ, മറ്റ് സെൻസർ തുടങ്ങിയവയുടെ കണ്ണ് വെട്ടിക്കുന്ന സ്റ്റെൽത്ത് സംവിധാനം ഈ മിസൈലുകളുടെ പ്രധാന സവിശേഷതയാണ്. വിക്ഷേപിച്ചു കഴിഞ്ഞാൽ അതിനെ നിയന്ത്രിക്കാനോ അതിനു സ്വയം നശിപ്പിക്കുവാനോ ലക്ഷ്യസ്ഥാനങ്ങൾ മാറ്റാനോ സാധിക്കില്ല.
ഹാമർ ഗൈഡഡ് ബോംബുകൾ
വായുവിൽനിന്ന് വിക്ഷേപിക്കാവുന്ന ഈ ബോംബുകൾ ബങ്കറുകൾ, ബഹുനിലക്കെട്ടിടങ്ങൾ തുടങ്ങി പരുക്കൻ നിർമിതികൾ തകർക്കാൻ കഴിയുന്ന പ്രഹരശേഷി ഉള്ളവയാണ്. ഫ്രഞ്ച് കന്പനിയായ സഫ്രാൻ ആണ് നിർമാതാക്കൾ. പരുക്കൻ സമതലങ്ങളിൽനിന്നും താഴ്ന്ന പ്രദേശത്തുനിന്നും ഈ ബോംബുകൾ നിക്ഷേപിക്കാൻ സാധിക്കും.
ഉയരത്തെ അടിസ്ഥാനമാക്കി, 50 മുതൽ 70 കിലോമീറ്റർ വരെ ദൂരപരിധിയിൽ ഇവ വിക്ഷേപിക്കാം. പുറത്ത്നിന്ന് പ്രവർത്തനരഹിതമാക്കാൻ സാധിക്കാത്ത ഈ ബോംബുകൾ സ്വയം നിയന്ത്രിത സംവിധാനത്തിലാണു പ്രവർത്തിക്കുന്നത്. റഡാർ പോലുള്ള സാങ്കേതികവിദ്യക്ക് ഹാമർ ഗൈഡഡ് ബോംബുകളെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കില്ല.