വിമാനത്താവളങ്ങൾ അടച്ചു
Thursday, May 8, 2025 5:19 AM IST
ന്യൂഡൽഹി: ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരർക്കെതിരേ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ രാജ്യത്തെ വ്യോമയാന മേഖലയും സ്തംഭിച്ചു. ആക്രമണത്തിന്റെ തുടർച്ചയായി മുന്നൂറോളം വിമാനങ്ങൾ റദ്ദാക്കിയപ്പോൾ അതിർത്തിയിലടക്കമുള്ള 25 വിമാനത്താവളങ്ങളെങ്കിലും താത്കാലികമായി അടച്ചു.
രാജ്യത്തിന്റെ വടക്ക്, പശ്ചിമ അതിർത്തികളിലെ ശ്രീനഗർ, ജമ്മു, ലേ, പഠാൻകോട്ട്, ചണ്ഡിഗഡ്, ജോധ്പുർ, ജയ്സാൽമർ, സിംല, ധർമശാല, ജാംനഗർ തുടങ്ങിയ വിമാനത്താവളങ്ങളാണ് സുരക്ഷാ ഭീഷണിയെത്തുടർന്നു താത്കാലികമായി അടച്ചിട്ടത്.
എയർ ഇന്ത്യ, സ്പൈസ്ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ തുടങ്ങിയ വിമാനകന്പനികൾ വിവിധ വിമാനത്താവളങ്ങളിൽനിന്ന് നടത്തേണ്ട ഇരുനൂറിലധികം യാത്രകൾ റദ്ദാക്കി.
ആക്രമണത്തിനുശേഷം വ്യോമപാതയിലടക്കം സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളുള്ളതിനാൽ മേയ് 10 വരെ അതിർത്തി മേഖലയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും വിമാനത്താവളങ്ങളിൽനിന്നും നടത്തുന്ന സേവനങ്ങൾ ഉണ്ടാകില്ലെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും അടക്കമുള്ള വിവിധ വിമാനകന്പനികൾ അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിലെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് റീഷെഡ്യൂളിംഗ് ചാർജുകളിൽ ഒറ്റത്തവണ ഇളവോ അതല്ലെങ്കിൽ പൂർണമായ റീഫണ്ടോ നൽകുമെന്ന് വിമാനകന്പനികൾ അറിയിച്ചു.