തകർത്തത് തീവ്രവാദ ഗ്രൂപ്പുകളുടെ നഴ്സറികൾ
സ്വന്തം ലേഖകൻ
Thursday, May 8, 2025 5:18 AM IST
ന്യൂഡൽഹി: തീവ്രവാദികളെ അടയിരുത്തി വിരിയിക്കുന്ന ഒന്പത് കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലെ നാല് തീവ്രവാദ കേന്ദ്രങ്ങളിലും പാക് അധിനിവേശ ജമ്മു കാഷ്മീരിലെ (പിഒകെ) അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലുമാണ് ഇന്നലെ പുലർച്ചെ ഇന്ത്യൻ സൈന്യം മിസൈൽ ആക്രമണം നടത്തിയത്.
ഈ പ്രദേശങ്ങൾ തെരഞ്ഞെടുത്തതിന് കൃത്യമായ കാരണങ്ങളുണ്ട്. പാക്കിസ്ഥാൻ സൈന്യവും രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐയും നേരിട്ട് പിന്തുണയും അഭയവും നൽകുന്ന ലഷ്കർ - ഇ - തൊയ്ബ (എൽഇടി), ജയ്ഷ്- ഇ -മുഹമ്മദ് (ജെഎം), ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം) തുടങ്ങിയ തീവ്രവാദ സംഘടനകളുടെ പരിശീലന ക്യാന്പുകൾ ഈ മേഖലകളിൽ പ്രവർത്തിക്കുന്നു. ആയുധ പരിശീലനം, തീവ്രാദികളുടെ റിക്രൂട്ട്മെന്റ്, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സാങ്കേതിക സഹായം തുടങ്ങിയ കാര്യങ്ങളും ഈ മേഖലകളിലാണു നടക്കുന്നത്.

സൈന്യം തകർത്ത ഭീകരവാദ ക്യാന്പുകൾ
1. ഷാവായ് നല്ലാ ക്യാന്പ്, മുസാഫറാബാദ് (പിഒകെ)
ഇന്ത്യൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്യാന്പ് ലഷ്കർ- ഇ -തൊയ്ബയുടെ പരിശീലന കേന്ദ്രമാണ്. 2024 ഒക്ടോബർ 20നും 24നും ഉണ്ടായ സോൻമാർഗ്, ഗുൽമാർഗ് ആക്രമണം, 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണം തുടങ്ങിയവയ്ക്ക് പിന്നിൽ പ്രവർത്തിച്ച തീവ്രവാദികൾക്ക് പരിശീലനം ലഭിച്ചത് ഈ ക്യാന്പിൽനിന്നാണ്.
2. സയ്യിദ്ന ബിലാൽ ക്യാന്പ്, മുസാഫറാബാദ് (പിഒകെ)
തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ- മുഹമ്മദ് തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാന്പുകളിൽ ഒന്നാണിത്. ആയുധങ്ങൾ, ബോംബുകൾ, കാടുകളിലെ അതിജീവന മാർഗങ്ങൾ തുടങ്ങിയവ ഈ ക്യാന്പുകളിലെ പരിശീലനത്തിൽ നൽകുന്നു.
3. ഗുൽപുർ ക്യാന്പ്, കോട്ലി (പിഒകെ)
നിയന്ത്രണ രേഖയിൽ നിന്നും (എൽഒസി) ഏകദേശം 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലഷ്കർ ഭീകരരുടെ താവളങ്ങളിൽ ഒന്നാണിത്. ഇവിടെ നിന്നുള്ള തീവ്രവാദികൾ ജമ്മു കാഷ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ സജീവമായിരുന്നു.
2023 ഏപ്രിൽ 20 നും 2024 ജൂണ് ഒൻപതിനും പൂഞ്ചിൽ തീർഥാടകർക്കു നേരേയുണ്ടായ ആക്രമണത്തിനു പിന്നിൽ ഈ ക്യാന്പുകളിൽ നിന്നുള്ള തീവ്രാദികളായിരുന്നു.
2024 ജൂണ് ഒന്പതിനു നടന്ന ആക്രമണത്തിൽ തീർഥാടകർ സഞ്ചരിച്ച ഒരു ബസിനു നേരേ വെടിയുതിർക്കുകയും തുടർന്ന് മലയിടുക്കിലേക്ക് ബസ് മറിഞ്ഞതിനെത്തുടർന്ന് ഒന്പത് തീർഥാടകർ മരിക്കുകയും ചെയ്തിരുന്നു.
4 . ബർണാല ക്യാന്പ്, ഭിംബർ (പിഒകെ)
നിയന്ത്രണരേഖയിൽ നിന്ന് ഒന്പതു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്യാന്പുകളിൽ തീവ്രവാദികൾക്ക് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും, ഐഇഡികൾ ഉപയോഗിക്കുന്നതിലും കാട്ടിൽ അതിജീവനം നടത്തുന്നതിനുമുള്ള പരിശീലനം നൽകുന്നു.
5 . അബ്ബാസ് ക്യാന്പ്, കോട്ലി (പിഒകെ)
നിയന്ത്രണരേഖയിൽനിന്ന് 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലഷ്കർ തീവ്രവാദികളുടെ ഈ ക്യാന്പ് ചാവേറുകളായ ഫിദായീൻ പോരാളികളെ പരിശീലിപ്പിക്കുന്നു. 15 തീവ്രവാദികളെ വരെയും ഇവിടെ പരിശീലിപ്പിക്കാൻ കഴിയും.
6. സർജൽ ക്യാന്പ്, സിയാൽകോട്ട്(പാക്കിസ്ഥാൻ)
രാജ്യാന്തര അതിർത്തിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയാണ് ഈ തീവ്രവാദ ക്യാന്പ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാർച്ചിൽ ജമ്മു കാഷ്മീരിൽ പോലീസുകാരെ കൊലപ്പെടുത്തിയ തീവ്രവാദികൾക്ക് പരിശീലനം ലഭിച്ചത് സർജാൽ ക്യാന്പിൽ നിന്നുമാണ്.
7. മെഹ്മൂന ജോയ ക്യാന്പ്, സിയാൽകോട്ട് (പാക്കിസ്ഥാൻ)
രാജ്യാന്തര അതിർത്തിയിൽ നിന്ന് 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീന്റെ ഏറ്റവും വലിയ ക്യാന്പുകളിൽ ഒന്നാണിത്. ജമ്മുവിലെ കത്വയിൽ നടക്കുന്ന ആക്രമണത്തിന് പിന്നിലെ തീവ്രവാദികൾ ഈ ക്യാന്പിൽ നിന്നുള്ളവരാണ്. 2016ൽ എട്ട് സൈനികർ കൊല്ലപ്പെട്ട പത്താൻകോട്ട് വ്യോമതാവള ആക്രമണം ആസൂത്രണം ചെയ്തത് ഈ ക്യാന്പിൽ നിന്നുമാണ്.
8 . മർകസ് തയ്ബ മുരിദ്ക (പാക്കിസ്ഥാൻ)
26/11 മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ലഷ്കർ തീവ്രവാദികളായ അജ്മൽ കസബിനും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനക്കാരനായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്കും പരിശീലനം ലഭിച്ചത് ഈ കേന്ദ്രത്തിൽ നിന്നാണ്. രാജ്യാന്തര അതിർത്തിയിൽ നിന്ന് 18- 25 കിലോമീറ്റർ വരെ അകലെയാണ് ലഷ്കർ-ഇ-തൊയ്ബയുടെ ഈ തീവ്രവാദ കേന്ദ്രം.
9 . മർകസ് സുബ്ഹാനല്ല, ബഹാവൽപുർ (പാക്കിസ്ഥാൻ)
മൗലാന മസൂദ് അസ്ഹർ നയിക്കുന്ന തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ ബഹാവൽപുർ. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്ന ഈ ക്യാന്പിൽ തീവ്രവാദികൾക്ക് പരിശീലനം നൽകുകയും അവരെ റിക്രൂട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഉന്നത തീവ്രവാദ നേതാക്കൾ ഒത്തുകൂടുന്നതും ഇവിടെ വച്ചാണ്. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ മൗലാന മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം കൊല്ലപ്പെട്ടതും ഈ ക്യാന്പിൽ വച്ചാണ്.