അതിർത്തി ജില്ലകൾ അടച്ചു
Thursday, May 8, 2025 5:18 AM IST
ചണ്ഡിഗഡ്: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്നലെ പുലർച്ചെ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെ അതിർത്തി ജില്ലകളിൽ കനത്ത ജാഗ്രത.
പഞ്ചാബിലെയും രാജസ്ഥാനിലെയും അതിർത്തി ജില്ലകളിൽ ഇന്നലെ സ്കൂളുകൾ അടച്ചിട്ടു. രാജസ്ഥാനിലെ നാല് ജില്ലകളിലെ സ്കൂളുകൾക്കാണ് ഇന്നലെ അവധി പ്രഖ്യാപിച്ചത്. മുൻകരുതൽ നടപടിയായി ഗംഗാനഗർ, ബിക്കാനർ, ജയ്സാൽമേർ, ബാർമേർ ജില്ലകളിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾ അടച്ചിട്ടതായി അധികൃതർ അറിയിച്ചു. ഈ ജില്ലകൾ ഇന്ത്യ-പാക് അതിർത്തിയിലാണുള്ളത്.
രാജസ്ഥാൻ 1070 കിലോമീറ്ററാണ് പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്നത്. പഞ്ചാബിലെ ഫിറോസ്പുർ, പത്താൻകോട്ട്, ഫസിൽക, അമൃത്സർ, ഗുരുദാസ്പുർ ജില്ലകളാണ് ജാഗ്രതയിലുള്ളത്. ഈ ജില്ലകളിലെ എല്ലാ സ്കൂളുകളും ബുധനാഴ്ച അടച്ചിട്ടു. പത്താൻകോട്ടിലെ സ്കൂളുകൾ ഇന്നും അടച്ചിടും.