ജനവാസകേന്ദ്രങ്ങളിൽ പാക് ആക്രമണം; 13 മരണം
Thursday, May 8, 2025 5:19 AM IST
ജമ്മു/ശ്രീനഗർ: നിയന്ത്രണരേഖയിലെ ജനവാസ കേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ 12 നാട്ടുകാർ കൊല്ലപ്പെട്ടു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. 57 പേർക്കു പരിക്കേറ്റു. ഇവരിൽ ഏതാനും പേരുടെ നില ഗുരുതരമാണ്.
കൊല്ലപ്പെട്ടവരിൽ നാലു പേർ കുട്ടികളാണ്. സാധാരണക്കാർക്കു നേർക്ക് പീരങ്കിയും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തതിനു പിന്നാലെയായിരുന്നു പാക് ഷെല്ലാക്രമണം. ഇന്ത്യൻ സേനയുടെ ശക്തമായ പ്രത്യാക്രമണത്തിൽ നിരവധി പാക്കിസ്ഥാൻ പോസ്റ്റുകൾ തകർന്നു.
പൂഞ്ച് ജില്ലക്കാരായ ബൽവിന്ദർ കൗർ (33), രൺജീത് സിംഗ് (48), അമർജീത് സിംഗ് (47), അമ്രിക് സിംഗ് (55), വിഹാൻ ഭാർഗവ് (13), മുഹമ്മദ് സെയിൻ ഖാൻ (10), സഹോദരി സോയ ഖാൻ (12), മുഹമ്മദ് അക്രം (40), മുഹമ്മദ് ഇഖ്ബാൽ (45), ഷക്കീല ബി (40), മറിയം ഖാത്തൂൻ (7), മുഹമ്മദ് റാഫി (40) എന്നിവരാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട നാട്ടുകാർ. കരസേനയിലെ ലാൻസ് നായിക് ദിനേശ്കുമാറാണ് വീരമൃത്യുവരിച്ചത്. കൊല്ലപ്പെട്ടവരിൽ മൂന്നു പേർ സിക്കുകാരാണ്. പൂഞ്ച് പട്ടണത്തിലെ ഗുരുദ്വാരയിലും സമീപത്തുള്ള വീടുകളിലും ഷെല്ലുകൾ പതിച്ചാണ് സിക്കുകാർ മരിച്ചത്. പൂഞ്ച് ജില്ലയിലാണ് ഏറ്റവും രൂക്ഷമായ ആക്രമണമുണ്ടായത്.
പാക് ആക്രമണത്തിൽ ഭയചകിതരായ അതിർത്തിനിവാസികൾ ബങ്കറുകളിലും സുരക്ഷിതപ്രദേശങ്ങളിലും അഭയം തേടി. പൂഞ്ചിൽ അഞ്ചു പൊതു ഷെൽട്ടർ ക്യാന്പുകൾ തയാറാക്കിയിട്ടുണ്ട്. ഉറി സെക്ടറിൽ അഞ്ചു കുട്ടികളടക്കം പത്തു പേർക്കു പരിക്കേറ്റു. ഇന്നലെ പുലർച്ചെ ആരംഭിച്ച പാക് ആക്രമണം ഉച്ചവരെ അതിതീവ്രമായിരുന്നു. പിന്നീട് പൂഞ്ചിൽ മാത്രം ഒറ്റപ്പെട്ട ആക്രമണങ്ങൾ തുടർന്നു.
2021 ഫെബ്രുവരി 25ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പുതിയ വെടിനിർത്തൽ കരാറുണ്ടാക്കിയശേഷം ആദ്യമായാണ് ഇത്ര രൂക്ഷമായ പാക് ആക്രമണമുണ്ടാകുന്നത്.