ഇന്ത്യ-പാക് സംഘർഷങ്ങൾ
Thursday, May 8, 2025 5:18 AM IST
1947 (ആദ്യ ഇന്ത്യ-പാക് യുദ്ധം)
ജമ്മു കാഷ്മീരിന്റെ പേരിൽ നടന്ന യുദ്ധം ആരംഭിച്ചത് 1947 ഒക്ടോബറിലായിരുന്നു. പാക് പിന്തുണയുള്ള ഗോത്രസംഘടന കാഷ്മീരിലേക്കു നടത്തിയ കടന്നുകയറ്റമായിരുന്നു യുദ്ധത്തിൽ കലാശിച്ചത്.
ഇന്ത്യ കാഷ്മീരിലേക്കു സൈന്യത്തെ അയച്ചതോടെ ഇരു രാജ്യങ്ങളും തമ്മിൽ പൂർണതോതിൽ യുദ്ധമാരംഭിച്ചു 1949 ജനുവരി വരെ യുദ്ധം തുടർന്നു. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ യുദ്ധവിരാമമായി. കാഷ്മീരിൽ ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ നിയന്ത്രണരേഖയുണ്ടാക്കി.
1965 (രണ്ടാം ഇന്ത്യ-പാക് യുദ്ധം)
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാമത്തെ യുദ്ധവും കാഷ്മീരിനെച്ചൊല്ലിയായിരുന്നു. ആയിരക്കണക്കിനു പാക് സൈനികർ പ്രാദേശിക തീവ്രവാദികളെന്ന പേരിൽ ഇന്ത്യയിലേക്കു നുഴഞ്ഞുകയറി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. 1965 ഓഗസ്റ്റ് അഞ്ചിനു തുടങ്ങിയ യുദ്ധം സെപ്റ്റംബർ 23 വരെ നീണ്ടു. സോവ്യറ്റ് യൂണിയന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രാബല്യത്തിലായി.
1971 (ബംഗ്ലാദേശ് വിമോചനയുദ്ധം)
സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കിഴക്കൻ പാക്കിസ്ഥാനിൽ (ഇന്നത്തെ ബംഗ്ലാദേശ്) നടന്ന പ്രക്ഷോഭത്തിനെതിരേ പാക്കിസ്ഥാൻ നടത്തിയ സൈനികനടപടിയാണ് യുദ്ധത്തിലേക്കു നയിച്ചത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യപ്രക്ഷോഭത്തിനു പിന്തുണയുമായി ഇന്ത്യൻ സൈന്യമെത്തിയതോടെ കിഴക്കൻ, പടിഞ്ഞാറൻ മുന്നണികളിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1971 ഡിസംബർ 16ന് പാക്കിസ്ഥാൻ സേന കീഴടങ്ങി. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം രൂപവത്കരിക്കപ്പെട്ടു.
1999 (കാർഗിൽ യുദ്ധം)
ജമ്മു കാഷ്മീരിലെ കാർഗിൽ സെക്ടറിലെ പർവതമേഖലകളിൽ പാക് സൈന്യവും ഭീകരരും നുഴഞ്ഞുകയറിയതാണ് യുദ്ധത്തിലേക്കു നയിച്ചത്. ഓപ്പറേഷൻ വിജയ് എന്ന പേരിലായിരുന്നു ഇന്ത്യൻ കരസേനയുടെ തിരിച്ചടി. വ്യോമസേനയുടെ സഹായത്തോടെ ഇന്ത്യൻ കരസേന പാക്കിസ്ഥാനെ തുരത്തി. 1999 ജൂലൈ 26നു യുദ്ധം അവസാനിച്ചു. ഇന്ത്യ കാർഗിലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജൂലൈ 26 കാർഗിൽ വിജയ് ദിവസ് ആയി ആചരിക്കുന്നു.
2016 (ഉറി ഭീകരാക്രമണം)
2016 സെപ്റ്റംബർ 18ന് ജമ്മു കാഷ്മീരിലെ ഉറി കരസേനാ താവളത്തിൽ ഭീകരാക്രമണം. 19 സൈനികർ വീരമൃത്യു വരിച്ചു. പത്തു ദിവസത്തിനകം പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിലേക്ക് ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. നൂറുകണക്കിനു ഭീകരർ കൊല്ലപ്പെട്ടു.
2019 (പുൽവാമ ഭീകരാക്രമണം)
2019 ഫെബ്രുവരി 14ന് പുൽവാമയിൽ പാക് ഭീകരരുടെ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ഇതിനു തിരിച്ചടിയായി ഫെബ്രുവരി 26ന് ഇന്ത്യൻ വ്യോമസേന ബാലാകോട്ടിലെ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരപരിശീലന ക്യാന്പിനു നേർക്ക് ആക്രമണം നടത്തി. 1971ലെ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇന്ത്യ പാക് മണ്ണിൽ കടന്ന് ആക്രമണം നടത്തിയത്.