ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ചത് വനിതാ ഓഫീസർമാർ
സ്വന്തം ലേഖകൻ
Thursday, May 8, 2025 5:18 AM IST
ന്യൂഡൽഹി: ലോകമുറങ്ങുന്പോൾ ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ചു ലോകമാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയോടൊപ്പം വേദിയിലെത്തിയത് രണ്ട് വനിതാ ഓഫീസർമാരായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാന സൈനിക ഓപ്പറേഷന്റെ വിശദാംശങ്ങൾ നൽകാനുള്ള ഔദ്യോഗിക വാർത്താസമ്മേളനത്തിനു രണ്ട് വനിതാ ഓഫീസർമാർ നേതൃത്വം നൽകിയത്.
ഭീകരാക്രമണത്തിൽ വിധവകളും അനാഥരുമാക്കപ്പെട്ട സ്ത്രീകൾക്ക് ആദരമർപ്പിക്കുന്ന നാമവുമായുള്ള "ഓപ്പറേഷൻ സിന്ദൂരിന്റെ വിശദാംശങ്ങൾ വിവരിക്കുന്ന കർത്തവ്യത്തിനായി ഇന്ത്യൻ ആർമി കേണൽ സോഫിയ ഖുറേഷിയെയും ഇന്ത്യൻ എയർ ഫോഴ്സിന്റെ വിംഗ് കമാൻഡർ വ്യോമിക സിംഗിനെയുമാണ് നിയോഗിച്ചത്.
വിക്രം മിസ്രി നൽകിയ പ്രാഥമിക പ്രസ്താവനയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിച്ച കേണൽ സോഫിയ ഖുറേഷി ഇന്ത്യൻ കരസേനയിലെ സിഗ്നൽ കോറിലെ അംഗമാണ്. സായുധസേനയുടെ വാർത്താവിനിമയ രംഗത്തെ നട്ടെല്ല് എന്നാണ് സിഗ്നൽ കോറിനെ വിശേഷിപ്പിക്കുന്നത്. ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തിന് നേതൃത്വം നൽകുന്ന ആദ്യ വനിതാ ഓഫീസർ എന്ന ബഹുമതി നേടി ഖുറേഷി 2016ൽ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. 35 വയസ് മാത്രം പ്രായമുള്ളപ്പോൾ 18 രാജ്യങ്ങൾ പങ്കെടുത്ത ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ ഒരു രാജ്യത്തിന്റെ സൈനികസംഘത്തെ നയിച്ച ഒരേയൊരു സ്ത്രീ എന്ന നേട്ടവും ഖുറേഷി അന്ന് സ്വന്തമാക്കിയിരുന്നു.
2004ൽ ഇന്ത്യൻ വ്യോമസേനയിൽ ചേർന്ന വ്യോമിക സിംഗ് സേനയിൽ ചേതക്, ചീറ്റ ഹെലികോപ്റ്ററുകൾ മികച്ച രീതിയിൽ പറത്താൻ കഴിവുള്ള വിംഗ് കമാൻഡറാണ്. വ്യോമസേനയിലെ ആദരണീയ നാമമായ വ്യോമിക, സേനയ്ക്ക് കീഴിൽ നിർണായകമായ പല ഓപ്പറേഷനുകളിലും ആകാശത്തു പങ്കാളിയായിട്ടുണ്ട്.
മാധ്യമങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷം ഇരുവർക്കും രാജ്യത്തെ പ്രമുഖ നേതാക്കളുടെയടക്കമുള്ള അഭിനന്ദനപ്രവാഹങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.