ഡൽഹിയിൽ നിർണായക യോഗങ്ങൾ
Thursday, May 8, 2025 5:18 AM IST
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിന് പിന്നാലെ ഡൽഹിയിൽ നിർണായക യോഗങ്ങളും ചർച്ചകളും പുരോഗമിക്കുകയാണ്. ഇന്ത്യയുടെ നീക്കത്തെപ്പറ്റിയും ഓപറേഷൻ സിന്ദൂറിനെപ്പറ്റിയും വിശദീകരിക്കുന്നതിന് കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റ് ലൈബ്രറികെട്ടിടത്തിലെ ജി 074 ൽ വച്ച് യോഗം ചേരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
ഇന്നലെ ചേർന്ന കേന്ദ്ര ക്യാബിനറ്റ് യോഗത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചതായാണ് റിപ്പോർട്ട്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ചേർന്ന സുരക്ഷാകാര്യാ മന്ത്രി സഭയിലും സേനയുടെ നിർണായക ഇടപെടലിനെ പ്രധാനമന്ത്രി പ്രശംസിച്ചു.
സേനയുടെ ആക്രമണത്തെക്കുറിച്ചുള്ള പ്രമേയവും മന്ത്രിസഭായോഗം പാസാക്കി. യോഗത്തിന് മുന്‍പ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു. ഇതോടൊപ്പം പ്രധാനമന്ത്രി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽ കണ്ട് നിലവിലെ സാഹചര്യം വ്യക്തമാക്കി.
മറ്റു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ വീഡിയോ കോണ്‍ഫറൻസ് നടത്തി. ജമ്മു കാഷ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, ബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഡിജിപി, കാബിനറ്റ് സെക്രട്ടറിമാർ തുടങ്ങിയവർ ഷാ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുത്തു.
അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച ചേർത്ത അടിയന്തര യോഗത്തിൽ ഡൽഹിയിലുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.