ടാറ്റാ മോട്ടോഴ്സ് വിഭജിക്കുന്നു; ഇനി പുതിയ രണ്ടു കന്പനികൾ
Thursday, May 8, 2025 4:11 AM IST
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ പ്രമുഖ കന്പനിയായ ടാറ്റ മോട്ടോഴ്സ് വിഭജിക്കുന്നു. കന്പനി വിഭജനം നടത്തി പുതിയ ലിസ്റ്റ്ഡ് കന്പനികളായി മാറുന്നതിന് ടാറ്റ മോട്ടോഴ്സ് ഓഹരിയുടമകൾ അനുമതി നല്കിയതായി കന്പനി അറിയിച്ചു. പാസഞ്ചർ വെഹിക്കിൾ, കൊമേഴ്സ്യൽ വെഹിക്കിൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി രണ്ടു പുതിയ കന്പനികൾ രൂപീകരിക്കും.
എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച് 99.99 ശതമാനം ഓഹരി ഉടമകളും വിഭജനത്തിന് അനുകൂലമായി വോട്ട് ചെയ്തു എന്ന് കന്പനി വ്യക്തമാക്കി. കന്പനി വിഭജനം പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്നലെ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില നാല് ശതമാനത്തിലധികം ഉയർന്നു. വിഭജന പ്രഖ്യാപനവും ഇന്ത്യ-യുകെ വ്യാപാര കരാറുമാണ് ഓഹരികൾ കുതിക്കാൻ കാരണമായത്.
പദ്ധതി പ്രകാരം ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ബിസിനസ് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് കൊമേഴ്സ്യൽ വെഹിക്കിൾസിലേക്ക് മാറും. അതേസമയം, ടാറ്റ മോട്ടോഴ്സിന്റെ യാത്ര വാഹന ബിസിനസ് നിലവിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ടാറ്റ മോട്ടോഴ്സിന്റെ ഭാഗമാകുകയും ചെയ്യും. വിഭജനം പ്രാബല്യത്തിലായാൽ കന്പനികളുടെ പേരിലും മാറ്റം വന്നേക്കും. 2024 മാർച്ചിലാണ് ടാറ്റ മോട്ടോഴ്സ് വിഭജനം സംബന്ധിച്ച് ആദ്യ പ്രഖ്യാപനം നടത്തിയത്. ജൂലൈ ഒന്നിനാണ് വിഭജനം പൂർത്തിയാകുക.
കഴിഞ്ഞദിവസം നിലവിൽ വന്ന ഇന്ത്യ-യുകെ വ്യാപാര കരാർ പ്രകാരം ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനവും നികുതി രഹിതമായിരിക്കും. അതേസമയം ഇന്ത്യ ഇറക്കുമതി തീരുവകളും ഗണ്യമായി കുറയ്ക്കും. ഇറക്കുമതി ചെലവ് കുറയുന്നതോടെ ഇന്ത്യൻ വിപണിയിൽ ജാഗ്വാർ, ലാൻഡ് റോവർ വാഹനങ്ങളുടെ വിൽപ്പന വർധിക്കാൻ സാധ്യതയുണ്ട്.