ബാങ്ക് ഓഫ് ബറോഡയ്ക്ക് 19,581 കോടി രൂപയുടെ അറ്റാദായം
Thursday, May 8, 2025 4:11 AM IST
കൊച്ചി: ബാങ്ക് ഓഫ് ബറോഡ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,581 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 10.1 ശതമാനം വളര്‍ച്ചയാണിത്. ബാങ്കിന്റെ ആഗോള ബിസിനസ് 27 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലു പിന്നിട്ടതായും ഇക്കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
അറ്റപലിശ വരുമാനം 2.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 45,659 കോടിയായി. പലിശ ഇതര വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14.8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 16,647 കോടി രൂപയിലും എത്തിയിട്ടുണ്ട്. പ്രവര്‍ത്തന ലാഭം 4.7 ശതമാനം വര്‍ധനയോടെ 32,435 കോടിയിലെത്തി. ബാങ്കിന്റെ ആഗോള വായ്പകള്‍ 12.8 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ആഭ്യന്തര വായ്പകള്‍ 13.7 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്.