വീട്ടിൽ പാകം ചെയ്ത താലിമീൽസിന്റെ വില ഏപ്രിലിൽ കുറഞ്ഞു: ക്രിസിൽ
Thursday, May 8, 2025 4:11 AM IST
ന്യൂഡൽഹി: പച്ചക്കറികളുടെ വിലയിൽ കുത്തനെയുണ്ടായ ഇടിവിനെത്തുടർന്ന വീടുകളിൽ പാകം ചെയ്ത വെജിറ്റേറിയൻ, നോൺ വെജിറ്റേറിൻ താലി മീൽസിന്റെ വില കഴിഞ്ഞ ഏപ്രിലിൽ മുൻ വർഷത്തെ അപേക്ഷിച്ച് നാലു ശതമാനം കുറഞ്ഞുവെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ക്രിസിലിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
ക്രിസിലിന്റെ റൊട്ടി റൈസ് റേറ്റ് റിപ്പോർട്ടിൽ കഴിഞ്ഞ മാസം പാചകത്തിന് അവശ്യവസ്തുക്കളായ എൽപിജി, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലയിൽ വർധനവുണ്ടായിട്ടും ഈ കുറവുണ്ടായെന്നു പറയുന്നു. ഇറക്കുമതി തീരുവയിലെ വർധനവ് മൂലം സസ്യ എണ്ണയുടെ വില 19 ശതമാനവും എൽപിജി സിലിണ്ടർ വില ആറു ശതമാനവുമാണ് ഉയർന്നത്.
പച്ചക്കറിയിലുണ്ടായ വിലക്കുറവ് വെജിറ്റേറിയൻ താലിയുടെ വില കുറയാനിടയാക്കി. തക്കാളിയുടെ വില 2024 ഏപ്രിലിനെ അപേക്ഷിച്ച് ഈ ഏപ്രിലിൽ 34 ശതമാനമാണ് ഇടിഞ്ഞത്. കിലോയ്ക്ക് 32 രൂപയിൽനിന്ന് 21 രൂപയിലെത്തി. കഴിഞ്ഞ വർഷം വിളവിലുണ്ടായ കുറവാണ് വിലക്കയറ്റത്തിനു കാരണമായത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉരുളക്കിഴങ്ങ് വില 11 ശതമാനവും സവാള വില ആറു ശതമാനവുമാണ് കുറഞ്ഞത്.
മാസക്കണക്കിൽ നോക്കിയാൽ വെജിറ്റേറിയൻ താലിയുടെ വില 2025ന് മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ 1.2 ശതമാനവും നോൺ വെജ് താലിയുടെ വില രണ്ടു ശതമാനവും കുറഞ്ഞു. ഉരുളക്കിഴങ്ങിന്റെ വില രണ്ടു ശതമാന കുറഞ്ഞതും സവാള വില 14 ശതമാനം കുത്തനെ ഇടിവുമുണ്ടാതാണ് ഇതിനു പ്രധാന കാരണം.
നോൺ വെജിറ്റേറിയൻ താലിയിലെ പ്രധാനഘടകമായ ഇറച്ചിക്കോഴി വില മാർച്ചിനെക്കാൾ രണ്ടു ശതമാനമാണ് താഴ്ന്നത്.
ഇറച്ചിക്കോഴിക്ക് 2024 ഏപ്രിലിനെക്കാൾ ഈ ഏപ്രിലിൽ നാലു ശതമാനം വിലക്കുറവുണ്ടായി. ചില സംസ്ഥാനങ്ങളിൽ പക്ഷിപ്പനി ആശങ്കകൾ പടർന്നതിനെത്തുടർന്ന് ആവശ്യകത കുറഞ്ഞതും മറ്റു സ്ഥലങ്ങളിൽനിന്ന് ലഭ്യത കൂടിയതുമാണ് ഇറച്ചിക്കോഴിയുടെ വില കുറയുന്നതിനിടയാക്കിയത്.