തിരിച്ചടി അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച്: ബ്രിഗേഡിയര്‍ പി.ടി. ഗംഗാധരന്
സ്വന്തം ലേഖകന്‍
Thursday, May 8, 2025 5:52 AM IST
കോഴിക്കോട്: പാക്കിസ്ഥാനിലെ ഭീകരപ്രവര്‍ത്തകരുടെ താവളങ്ങളില്‍ ഇന്ത്യ നടത്തിയ തിരിച്ചടി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കാതെയാണെന്ന് ബ്രിഗേഡിയര്‍ പി.ടി. ഗംഗാധരന്.
നേരത്തേ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും ബാലാങ്കോട്ട് ആക്രമണവും പാകിസ്ഥാന്റെ മണ്ണില്‍ കടന്നാണെങ്കില്‍ ഇത്തവണ ഇന്ത്യക്കകത്തുനിന്നാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹം ദീപികയോടു പറഞ്ഞു. 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിലും 1999ലെ കാര്‍ഗില്‍ യുദ്ധത്തിലുമടക്കം പാക്കിസ്ഥാനെതിരായ ഒട്ടേറെ ഓപ്പറേഷനുകളില്‍ പങ്കെടുത്തയാളാണ് ബ്രിഗേഡിയര്‍ പി.ടി. ഗംഗാധരന്.
പാക്കിസ്ഥാനിലെ സാധാരണ പൗരന്മാര്ക്കുനേരേ ഇന്ത്യയില്‍നിന്ന് ആക്രമണം ഉണ്ടായിട്ടില്ല. പാക് ഭൂമിയില്‍ നമ്മള് കടന്നിട്ടില്ല. അവരുടെ മിലിട്ടറികേന്ദ്രങ്ങളെയും ആക്രമിച്ചിട്ടില്ല. ഭീകരപ്രവര്‍ത്തകരുടെ താവളങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ട് തകര്‍ത്തത്. പാക്കിസ്ഥാനിലെ തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ ഇന്റലിജന്‍സിന് കൃത്യമായ വിവരമുണ്ട്.
അവയുടെ ലൊക്കേഷന്‍ നമ്മുടെ കൈവശമുണ്ട്. ലക്ഷ്യം തെറ്റാതെ ഈ കേന്ദ്രങ്ങളില്‍ കടന്നുചെന്ന് ആക്രമണം നടത്താനുള്ള ആയുധങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്. അത്തരം ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇത്തവണ നമ്മള് ആക്രമണം നടത്തിയത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര നിയമങ്ങളൊന്നും ഇന്ത്യ ലംഘിച്ചിട്ടില്ല.
ലോകത്തെ ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണ് പാക്കിസ്ഥാന്. ലോകത്ത് എവിടെയും ഭീകരാക്രമണം നടന്നാല്‍ അതില്‍ പാക്കിസ്ഥാന്റെ ബന്ധം കാണാം. ഭീകരപ്രവര്‍ത്തകരെ പരിശീലിപ്പിക്കുകയാണ് പാക്കിസ്ഥാന് ചെയ്യുന്നത്. മദ്രസകളില്‍നിന്നു തുടങ്ങുന്നതാണ് പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തന പരിശീലനം. കുഞ്ഞുകുട്ടികളുടെ മനസിലേക്ക് ഇന്ത്യാവിരുദ്ധ വികാരമാണ് പാക്കിസ്ഥാന് അടിച്ചുകയറ്റുന്നത്. സ്കൂള്‍ പഠനം കഴിഞ്ഞാല്‍ അവരെ അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നു. ഭീകരവാദികളായി അവരെ വളര്‍ത്തിയെടുക്കുന്നു. പാക്കിസ്ഥാന്റെ സ്പെഷല്‍ സെക്യൂരിറ്റി ഗ്രൂപ്പാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
പഹല്‍ഗാമില്‍ ടൂറിസ്റ്റുകളെ വെടിവച്ചുകൊന്നവരുടെ കൂട്ടത്തില്‍ സ്പെഷല്‍ സെക്യൂരിറ്റി ഗ്രൂപ്പിലെ അംഗം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഭീകര പ്രവര്‍ത്തനത്തിന്റെ അടിവേരറക്കുകയാണ് നമ്മുടെ ലക്ഷ്യം. അതു വിജയിക്കുകതന്നെ ചെയ്യും. സാമ്പത്തികമായി തകര്‍ന്നു കിടക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്. ഇന്ത്യയുമായി യുദ്ധം തുടങ്ങിയാല്‍ അഞ്ചു ദിവസംപോലും പിടിച്ചുനില്‍ക്കാനുള്ള ആയുധശേഷി പാക്കിസ്ഥാനില്ല. ഇന്ത്യയുടെ കരുത്ത് ശക്തമാണ്. അതു പാക്കിസ്ഥാനും അറിയാം. ഇന്ത്യയുടെ ആക്രമണം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പാക്കിസ്ഥാന് ലോകത്ത് പ്രചരിപ്പിക്കുന്നത്.
പാക്കിസ്ഥാനെ ആക്രമിച്ചത് കൃത്യസമയത്താണെന്ന് അദ്ദേഹം പറഞ്ഞു. പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയതിനു തക്ക മറുപടി നല്‍കേണ്ടത് അത്യാവശ്യമായിരുന്നു. അതാണ് ഇന്ത്യ ചെയ്തത്. തിരിച്ചടിച്ചില്ലെങ്കില്‍ പാക്കിസ്ഥാന് വീണ്ടും ഭീകരാക്രമണം തുടരും. അവര്‍ക്ക് ആയുധത്തിലൂടെതന്നെ മറുപടി നല്‍കുകയാണ് വേണ്ടത്.
ലോക രാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ട്. ചൈന മാത്രമാണ് ഇപ്പോള്‍ പാക്കിസ്ഥാന് അനുകൂലമായി രംഗത്തുവന്നിട്ടുള്ളത്. അത് എത്രകാലം ഉണ്ടാകുമെന്ന് വ്യക്തമല്ല. എന്നാല്‍ മറ്റു രാജ്യങ്ങളെല്ലാം ഭീകര പ്രവര്‍ത്തനത്തിന് എതിരാണ്. ഇന്ത്യയോടൊപ്പമാണ് അവരെല്ലാമെന്ന് ബ്രിഗേഡിയര്‍ പി.ടി. ഗംഗാധരന് പറഞ്ഞു.