ചെലവ് വര്‍ധിക്കുന്നതില്‍ കേന്ദ്രത്തിനു വലിയ പങ്ക്: മുഖ്യമന്ത്രി
Thursday, May 8, 2025 5:52 AM IST
കൊച്ചി: സംസ്ഥാനത്തിന്റെ ചെലവ് വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ 70 ശതമാനവും കേരളമാണ് വഹിച്ചത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 75 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇത് നമ്മുടെ സംസ്ഥാനത്തിന് മാത്രം പ്രത്യേകമായി അനുഭവിക്കേണ്ടി വരുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിന്‍ഫ്ര കണ്വെന്ഷന് സെന്ററില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം 5.6 ലക്ഷം കോടിയില്‍ നിന്ന് 13.11 ലക്ഷം കോടിയിലേക്ക് ഉയർന്നു. തനത് വരുമാനത്തില്‍ 72.84 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തനത് നികുതി വരുമാനം 47,000 കോടിയില്‍ നിന്ന് 81,000 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഈ കാലയളവില്‍ ആകെ വരുമാനം 55,000 കോടിയില്‍ നിന്ന് 1.04 ലക്ഷം കോടിയായി വര്‍ധിച്ചു. ഇത് വിവിധ പ്രതിസന്ധികള്‍ക്കിടയിലും പിടിച്ചുനില്ക്കാന് സംസ്ഥാനത്തെ സഹായിച്ചു.
അതേസമയം സംസ്ഥാനത്തിന്റെ പൊതുകടം വര്‍ധിച്ചുവരുന്നു എന്ന രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നു. എന്നാല്‍ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം കുറഞ്ഞുവരുകയാണ്. 36 ശതമാനം എന്നതില്‍ നിന്ന് 34 ശതമാനമായി പൊതുകടം കുറയ്ക്കാന്‍ കഴിഞ്ഞു.
സംസ്ഥാനം വല്ലാതെ തകര്‍ച്ചയിലാണ് എന്ന പ്രതീതി സൃഷ്ടിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ തകര്ച്ചയല്ലാ, വളര്‍ച്ചയും ഉയര്‍ച്ചയുമാണ് സംഭവിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കണക്കുകകള്‍ പ്രകാരം 2016ല്‍ സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനം 1.48 ലക്ഷം ആയിരുന്നു എങ്കില്‍ ഇന്നത് 2.28 ലക്ഷമായി ഉയര്‍ന്നു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ ഒട്ടേറെ വലിയ കാര്യങ്ങള്‍ സ്ഥാപിക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, ഗ്രഫീന്‍ ഇന്നോവേഷന്‍ സെന്റര്‍, വാട്ടര്‍ മെട്രോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എന്നിവയെല്ലാം രാജ്യത്ത് ആദ്യമാണ്. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം, ജീനോം ഡാറ്റാ സെന്റര്‍, മെഡിക്കല്‍ സെന്റര്‍ കണ്‍സോര്‍ഷ്യം, നിർദിഷ്ട സയന്‍സ് പാര്‍ക്ക്, കേരളത്തിലെ മികവിന്റെ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം കാണിക്കുന്നത് നമ്മുടെ നാട് ആധുനിക വിജ്ഞാന ഉത്പാദന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് -മുഖ്യമന്ത്രി പറഞ്ഞു. അവലോകന യോഗത്തില്‍ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആര്. അനില്‍, പി. പ്രസാദ്, കെ.ബി. ഗണേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.