എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ സമരം ശക്തമാക്കുന്നു
Thursday, May 8, 2025 6:07 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പ് നിർമാണത്തിന് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്ററ്റിലെ തൊഴിലാളികൾ ആനുകൂല്യങ്ങൾക്കും തൊഴിൽ സുരക്ഷയ്ക്കും സമരം ശക്തമാക്കുന്നു. തൊഴിലാളി പ്രശ്നം 15നകം പരിഹരിച്ചില്ലെങ്കിൽ ഭൂമിയിൽ അവകാശം സ്ഥാപിക്കുന്നതുൾപ്പെടെ കടുത്ത പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ ട്രേഡ് യൂണിയൻ സംയുക്ത സമിതി യോഗം തീരുമാനിച്ചു.
തൊഴിലാളികൾക്ക് മാനേജ്മെന്റ് ഏകദേശം 13 കോടി രൂപ നൽകാനുണ്ട്. ഭൂമി സർക്കാർ ഏറ്റെടുത്തപ്പോൾ തൊഴിലാളികളുടെ ജോലി സംരക്ഷിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. തൊഴിലാളികളെ താമസസ്ഥലത്തുനിന്നു ഇറക്കി വിടില്ലെന്ന് റവന്യു മന്ത്രിയും ജില്ലാ കളക്ടറും ഉറപ്പുനൽകിയെങ്കിലും ഏഴുദിവസത്തിനകം ഒഴിയുന്നതിന് ജീവനക്കാരുടെ ക്വാർട്ടേഴ്സുകളിൽ നോട്ടീസ് പതിച്ചിരിക്കയാണ്.