തൃശൂരിലും സ്വപ്ന കൈക്കൂലി കൈപ്പറ്റി
Thursday, May 8, 2025 6:07 AM IST
കൊച്ചി: കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടിയിലായ കൊച്ചി കോർപറേഷന് വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എ. സ്വപ്ന നേരത്തേയും വന്‍തോതില്‍ കൈക്കൂലി വാങ്ങിയിരുന്നതായി വിവരം. മുമ്പ് ഇവര്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ കോര്‍പറേഷനിലും കൈക്കൂലി വാങ്ങിയിരുന്നതായാണ് വിജിലന്‍സിന് വിവരം ലഭിച്ചിട്ടുള്ളത്. സ്വപ്നയുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചുവരികയാണ്.
സ്വപ്നയുടെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇവരുമായി അടുപ്പമുള്ളവരെ വിജിലന്‍സ് വൈകാതെ ചോദ്യം ചെയ്തേക്കും. സ്വപ്നയുടെ ഫോണ്‍കോളുകള്‍, വാഹനങ്ങള്‍, തൃശൂരും കൊച്ചിയിലുമുള്ള വീട്, സ്ഥലം എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
അതിനിടെ ഇവരുടെ കസ്റ്റഡി കാലാവധി ഇന്നലെ പൂര്‍ത്തിയായതോടെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്വപ്ന വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇവർ അനുവദിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റുകളടക്കം വിജിലന്‍സ് വിശദമായി പരിശോധിച്ചുവരികയാണ്. കെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ആഴ്ചയാണ് തൃശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്ന വിജിലന്‍സിന്റെ പിടിയിലായത്. എറണാകുളം സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. സ്വന്തം കാറില്‍ വന്ന് 15,000 രൂപയാണ് കൈക്കൂലിയായി സ്വപ്ന വാങ്ങിയത്.