സ്മാര്‍ട്ട് കൃഷിഭവന് നിര്‍മാണം: ടെന്‍ഡര്‍ നടപടിക്രമം ലഘൂകരിക്കുന്നു
Thursday, May 8, 2025 6:07 AM IST
കോഴിക്കോട്: നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കേരളത്തില്‍ സ്മാര്‍ട്ട് കൃഷിഭവനുകള്‍ സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ നടപടിക്രമം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്ഥല ലഭ്യത അനുസരിച്ച് ടെന്‍ഡറുകള്‍ ചെറു ഘട്ടങ്ങളായി വിഭജിക്കും. ഇതിലൂടെ നിര്‍മാണത്തിന് തയാറായ സ്ഥലങ്ങളിലെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് 18 സ്മാര്‍ട്ട് കൃഷിഭവനുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 13 സ്ഥലങ്ങളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടതുണ്ട്. ഇത് ടെന്‍ഡര്‍ നടപടികള്‍ക്ക് കാലതാമസമുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ടെന്‍ഡര്‍ വിഭജിക്കാന്‍ അനുമതി നല്‍കിയത്. കെഎല്‍ഡിസിയുടെ അധികാരപരിധിയിലുള്ള സാങ്കേതിക അനുമതി നല്‍കാനും, കെഎല്‍ഡിസിയുടെ അംഗീകൃത ആര്‍ക്കിടെക്ടുകളെ ഉപയോഗിച്ച് രൂപകല്‍പ്പന നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.
സാങ്കേതിക വിദ്യ വികസനം, അടിസ്ഥാന സൗകര്യവികസനം, ഫ്രണ്ട് ഓഫീസ് സംവിധാനം, വിള പരിപാലന കേന്ദ്രം, അറ്റകുറ്റപ്പണികളും പുതുക്കി പണിയലും എന്നീ വിഭാഗങ്ങളിലായി തുക ചെലവഴിച്ചാണ് സ്മാര്‍ട്ട് കൃഷിഭവനുകള്‍ സ്ഥാപിക്കുന്നത്.