എടത്വ പള്ളിയില്‍ തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
Thursday, May 8, 2025 6:20 AM IST
എടത്വ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ ഭക്തിനിറവില്‍ തിരുനാള്‍ പ്രദക്ഷിണം നടന്നു. കടുത്ത ചൂടിനെ അവഗണിച്ച് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുംനിന്നു ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
മൂന്നിന് തൂത്തുക്കുടി രൂപത മെത്രാന് ഡോ. സ്റ്റീഫന്‍ ആന്റണി പിള്ളൈയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ തമിഴ് കുര്‍ബാനയെ തുടര്‍ന്നാണ് തിരുസ്വരൂപം പ്രദക്ഷിണത്തിനായി എടുത്തത്. തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. ആന്‍ഡ്രൂസ് കുന്നത്ത് കാര്‍മികത്വം വഹിച്ചു.
തമിഴ്നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറയിലെ വിശ്വാസികളാണ് പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിച്ചത്. പരമ്പരാഗതമായി പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിക്കുന്നതിനുള്ള അവകാശം ഈ തുറക്കാര്‍ക്കാണ്. പ്രദക്ഷിണത്തിന് ശേഷം ഇവര്‍ പള്ളിയില്‍നിന്ന് അവകാശ നേര്‍ച്ചയായി വലകെട്ടുന്നതിനുള്ള തലനൂല്‍, വള്ളത്തില്‍ കെട്ടാനുള്ള കൊടി, ഉപ്പ്, കുരുമുളക്, മലര് എന്നിവ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്റെ കൈയില്‍നിന്ന് ഏറ്റുവാങ്ങിയാണ് രാത്രിയോടെ മടങ്ങിയത്.
മേയ് 14നാണ് എട്ടാമിടം. വൈകിട്ട് നാലിന് ചെറിയരൂപം എഴുന്നള്ളിച്ചു കുരിശടിയിലേക്ക് നടക്കുന്ന പ്രദക്ഷിണത്തെ തുടര്‍ന്ന് കൊടിയിറങ്ങും. അന്ന് രാത്രി 9.30ന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിനു സമാപനമാകും.