ഓപ്പറേഷൻ സിന്ദൂർ : കേരളവും ജാഗ്രതയിൽ
കെ. ഇന്ദ്രജിത്ത്
Thursday, May 8, 2025 6:20 AM IST
തിരുവനന്തപുരം: പാക്കിസ്ഥാനിലെ ഭീകരവാദികളുടെ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ സിന്ദൂർ ഓപ്പറേഷനും തിരികെയുള്ള ഷെല്ലാക്രമണത്തിനും പിന്നാലെ കേരളവും കടുത്ത ജാഗ്രതയിൽ. തീരപ്രദേശം അതിർത്തിയായുള്ള കേരളത്തിൽ വ്യോമ, നാവിക സേനകൾ കടലിലും കരയിലും ഒരേസമയം കനത്ത നിരീക്ഷണം തുടരുകയാണ്.
ദക്ഷിണ എയർ കമാൻഡ് തിരുവനന്തപുരത്തും നാവിക സേന കേന്ദ്രം കൊച്ചിയിലുമുണ്ട്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, വിഎസ്എസ്സി തുടങ്ങിയ തിരുവനന്തപുരത്തെ തന്ത്രപ്രധാന ഇടങ്ങളിലെല്ലാം കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. വിമാനത്താവളങ്ങളുടെ സുരക്ഷയും ശക്തമാക്കി.
കൊച്ചിയിലെ മട്ടാഞ്ചേരി ജൂതത്തെരുവിനും സുരക്ഷ ശക്തമാക്കി. ഇടുക്കി ജലവൈദ്യുത പദ്ധതിയും മുല്ലപ്പെരിയാർ അടക്കമുള്ള മറ്റ് അണക്കെട്ടുകളും കേന്ദ്ര സേനകളുടെ സുരക്ഷാ വലയത്തിലായി. ഇന്റലിജൻസ് വിവരങ്ങൾ സംസ്ഥാനത്തെ സംവിധാനങ്ങൾക്കും കേന്ദ്രം കൈമാറുന്നുണ്ട്.
ശ്രീലങ്കയും മാലിദ്വീപുമൊക്കെ കേരള തീരത്തുനിന്ന് അധികം അകലെയല്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തും കർശന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. പാങ്ങോട് ഇന്ത്യൻ ആർമിയുടെ സൈനിക കേന്ദ്രവുമുണ്ട്.
തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന ദക്ഷിണ വ്യോമകമാൻഡിന്റെ കീഴിൽ കേരളം കൂടാതെ തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളുമുണ്ട്. രാത്രിയിലും കനത്ത നിരീക്ഷണം തുടരുന്നു. പ്രതിരോധ സേനകൾക്ക് ഒപ്പം കോസ്റ്റ് ഗാർഡും തീര സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്.