കൊച്ചിയിലെ വെള്ളപ്പൊക്കം ലഘൂകരിക്കാനുള്ള പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം
Thursday, May 8, 2025 5:52 AM IST
തിരുവനന്തപുരം: കൊച്ചി നഗരത്തിൽ നിരന്തരമായുണ്ടാകുന്ന വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിന് വിഭാവനം ചെയ്ത ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആൻഡ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പദ്ധതി 3716.10 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റ് പ്രകാരം നടപ്പാക്കാൻ വ്യവസ്ഥകളോടെ ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
കൊച്ചി നഗരത്തിലെ ആറു കനാലുകൾ പുനരുജ്ജീവിപ്പിച്ചു ഗതാഗത യോഗ്യമാക്കുന്നതും വെള്ളപ്പൊക്കം തടയാനുള്ള പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ സ്പെഷൽ പർപ്പസ് വെഹിക്കിൾ ആയി കെഎംആർഎൽ തുടരും. സീവറേജ് ഘടകങ്ങളുടെ നിർവഹണ ഏജൻസിയായി കേരള ജല അഥോറിറ്റിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. കിഫ്ബി എൻസിആർഡി എന്നിവയുടെ ധനസഹായം വഴിയാണ് പദ്ധതി നടപ്പാക്കുക.
എറണാകുളം ജില്ലയിലെ കരുമള്ളൂർ, കുന്നുകര പഞ്ചായത്തുകളിൽ ജലവിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്ഥാപിക്കുന്ന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി സമർപ്പിച്ച ടെൻഡറിന് അംഗീകാരം നൽകാനും തീരുമാനിച്ചു. 22,11,85,744 രൂപയുടെ ടെൻഡറിനാണ് അംഗീകാരം നൽകിയത്. പ്രതിദിനം രണ്ടു കോടി ലിറ്റർ ജലവിതരണം ഉറപ്പാക്കാൻ ശേഷിയുള്ള ടാങ്കും അനുബന്ധ പ്രവൃത്തികളും ചേർന്നതാണ് പദ്ധതി.