ആഴ്സണലിനെ കീഴടക്കി പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ഫൈനലില്‍
Friday, May 9, 2025 12:56 AM IST
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് കിരീടത്തിനായി ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മനും ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാനും കൊമ്പുകോര്‍ക്കും. രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിനെ 1-2നു കീഴടക്കിയ പിഎസ്ജി, ഇരുപാദങ്ങളിലുമായി 3-1ന്റെ ജയത്തോടെയാണ് ഫൈനല്‍ ടിക്കറ്റെടുത്തത്.
മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ ഇന്ത്യന്‍ സമയം മേയ് 31 അര്‍ധരാത്രി 12.30നാണ് ഇന്റര്‍ മിലാന് x പിഎസ്ജി ഫൈനല്‍ പോരാട്ടം. രണ്ടാംപാദ സെമിയില്‍ കളത്തില്‍ ആധിപത്യം ഉണ്ടായിരുന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മയും പിഎസ്ജി ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ഡോണറുമയുടെ മിന്നും പ്രകടനവും ആഴ്സണലിനു വിനയായി.
ക്ലിനിക്കല്‍ പിഎസ്ജി
നോര്‍ത്ത് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യപാദ സെമിയില്‍ 1-0ന്റെ ജയം നേടിയതിന്റെ മുന്‍തൂക്കവുമായാണ് പിഎസ്ജി സ്വന്തം തട്ടകത്തില്‍ രണ്ടാംപാദത്തിനായി എത്തിയത്. ഗാലറിയില്‍ നിറഞ്ഞ പിഎസ്ജി ആരാധകരുടെ നെഞ്ചിടിപ്പു വര്‍ധിപ്പിച്ച് മൂന്നാം മിനിറ്റില്‍ ആഴ്സണലിന്റെ ഡെക്ലാന് റൈസിന്റെ ഹെഡര്‍ പോസ്റ്റില്‍ തൊട്ടുതൊട്ടില്ലെന്ന രീതിയില്‍ പുറത്തേക്കു പാഞ്ഞു.
തൊട്ടടുത്ത മിനിറ്റില്‍ വീണ്ടും ആഴ്സണല്‍ ആതിഥേയരുടെ ഗോള്‍ മുഖത്ത് ആശങ്ക പടര്‍ത്തി. ഗണ്ണേഴ്സിന്റെ മുന്നേറ്റനിരത്താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഷോട്ട് പിഎസ്ജി ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ഡോണറുമ രക്ഷപ്പെടുത്തി. എട്ടാം മിനിറ്റില്‍ മാര്ട്ടിന് ഒഡെഗാര്‍ഡിന്റെ ഷോട്ടിനും ഡോണറുമ വിലങ്ങിട്ടു.
മത്സരഗതിക്കു വിപരീതമായി പിഎസ്ജിയുടെ ക്ലിനിക്കല്‍ ഗോളെത്തി. 27-ാം മിനിറ്റില്‍ ഫ്രീകിക്കിനുശേഷം ലഭിച്ച പന്തില്‍ മിന്നല്‍ ഷോട്ടിലൂടെ ഫാബിയന്‍ റൂയിസ് ആഴ്സണലിന്റെ വല കുലുക്കി.
69-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ ഹാന്ഡ്ബോളായതിനെ തുടര്‍ന്ന് ആഴ്സണലിനെതിരേ റഫറി വിഎആറിലൂടെ പെനാല്‍റ്റി വിധിച്ചു. എന്നാല്‍, വിറ്റിഞ്ഞയുടെ ദുര്‍ബല പെനാല്‍റ്റി ആഴ്സണല്‍ ഗോളി ഡേവിഡ് റായ തട്ടിത്തെറിപ്പിച്ചു.
72-ാം മിനിറ്റില്‍ ജയം ഉറപ്പിച്ച് പിഎസ്ജിക്കായി അക്രാഫ് ഹക്കിമിയുടെ ഗോള്‍. 70-ാം മിനിറ്റില്‍ പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ ഉസ്മാന് ഡെംബെലെയായിരുന്നു അസിസ്റ്റ് ചെയ്തത്.
76-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ആഴ്സണല്‍ ഒരു ഗോള്‍ മടക്കിയെങ്കിലും പിഎസ്ജിയുടെ ഫൈനല്‍ യാത്രയ്ക്കു തടയിടാന്‍ സാധിച്ചില്ല. 80-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം സാക്കയ്ക്കു ഗോളാക്കാനും സാധിക്കാതിരുന്നതോടെ മത്സരം പിഎസ്ജിയുടെ പോക്കറ്റില്‍.
പിഎസ്ജിക്കു രണ്ടാം ഫൈനല്‍
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി ഫൈനലില്‍ പ്രവേശിക്കുന്നത് ഇതു രണ്ടാം തവണ. 2019-20 സീസണിലായിരുന്നു പിഎസ്ജി ആദ്യമായി ഫൈനല്‍ കളിച്ചത്. അന്ന് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനോട് 1-0നു പരാജയപ്പെട്ടു. കിലിയന്‍ എംബപ്പെ, നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ താരനിരയുമായായിരുന്നു പിഎസ്ജി കളത്തിലെത്തിയത്.