എജ്ജാതി ഇന്റര്‍! ബാഴ്സലോണയെ കീഴടക്കി ഇന്റര്‍ മിലാന് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍
Thursday, May 8, 2025 4:25 AM IST
മിലാന്: ഗംഭീരം, നാടകീയം, പ്രവചനാതീതം, ആവേശകരം, വന്യം, 13 ഗോളുകള്‍, ഒരു കൗമാരക്കാരനും അവനേക്കാള്‍ 20 വയസ് കൂടുതലുള്ള വെറ്ററനും സ്കോര്‍ഷീറ്റില്‍... ശരിക്കും ക്ലാസിക്ക്... യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സെമി ഫൈനലായി വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ എഫ്സി ബാഴ്സലോണയെ രണ്ടാംപാദത്തിന്റെ അധിക സമയത്തെ ഗോളില്‍ 4-3നു മറികടന്ന്, ഇരുപാദങ്ങളിലുമായി 7-6ന്റെ ജയത്തോടെ ഇന്റര്‍ മിലാന് ഫൈനലില്‍.
സാന്‍ സിറോ ഷോ
ബാഴ്സലോണയില്‍ നടന്ന ആദ്യപാദ സെമിയില്‍ 3-3 സമനില പാലിച്ചായിരുന്നു മിലാനിലെ സാന്‍ സിറോ സ്റ്റേഡിയത്തില്‍ ഇരുടീമും രണ്ടാംപാദത്തിനായി ഇറങ്ങിയത്. ആദ്യപാദത്തിലേതുപോലെ ഒന്നാം പകുതിയില്‍ 2-0നു ലീഡ് നേടിയശേഷമായിരുന്നു രണ്ടാംപാദത്തിലും ഇന്റര്‍ മിലാന് നിശ്ചിത സമയത്ത് 3-3 സമനില പാലിച്ചതെന്നതും ശ്രദ്ധേയം.
21-ാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനെസിന്റെ ഗോളെത്തി. ആദ്യപാദത്തില്‍ ഇരട്ടഗോള്‍ നേടിയ ഡെന്‍സില്‍ ഡംഫ്രിസിന്റെ അസിസ്റ്റിലായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍. 43-ാം മിനിറ്റില്‍ ഇന്ററിന് അനുകൂലമായി പെനാല്‍റ്റി. ലൗതാരോ മാര്‍ട്ടിനെസിനെ ബോക്സിനുള്ളില്‍ പൗ കുബാര്‍സി വീഴ്ത്തിയതിനായിരുന്നു വിഎആറിലൂടെ റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഹകാന്‍ ചാല്ഹനോഗ്ലുവിനു (45+1’) പിഴച്ചില്ല.
രണ്ടാം പകുതി, അധിക സമയം
രണ്ടാം പകുതിക്ക് എട്ട് മിനിറ്റ് ദൈര്ഘ്യമായപ്പോള് മുപ്പത്തേഴുകാരനായ ഫ്രാന്‍സെസ്കോ അസെര്‍ബിയുടെ ഹെഡറില്‍ ഇന്റര്‍ മിലാന് മൂന്നാമതും ബാഴ്സയുടെ വല കുലുക്കി. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നു. 54-ാം മിനിറ്റില്‍ ബാഴ്സ തിരിച്ചടിച്ചു. ജെറാര്‍ഡ് മാര്‍ട്ടിന്റെ അസിസ്റ്റില്‍ എറിക് ഗാര്‍സ്യയുടെ വകയായിരുന്നു ബാഴ്സയുടെ ഗോള്‍.
മാര്‍ട്ടിന്റെ അസിസ്റ്റില്‍ ഡാനി ഓള്‍മോയുടെ (60’) ഹെഡറില്‍ ബാഴ്സ 2-2 സമനിലയില്‍. എന്നാല്‍, 87-ാം മിനിറ്റില്‍ റാഫീഞ്ഞയുടെ ഗോള്‍. ആദ്യശ്രമത്തിനുശേഷം ലഭിച്ച റീബൗണ്ട് പന്ത് വലയിലാക്കി റാഫീഞ്ഞ ബാഴ്സയെ മുന്നിലെത്തിച്ചു. സ്പാനിഷ് ടീമിന്റെ ആഹ്ലാദത്തിന് ഇഞ്ചുറി ടൈമില്‍ ഇറ്റാലിയന്‍ സംഘം മറുപടി നില്‍കി. 90+3-ാം മിനിറ്റില്‍ ഡംഫ്രിസിന്റെ അസിസ്റ്റില്‍ അസെര്‍ബിയുടെ മിന്നും ഷോട്ട് ബാഴ്സ ഗോള്‍വലയുടെ മേല്‍ത്തട്ടില്‍. മത്സരം അധിക സമയത്തേക്ക്.
99-ാം മിനിറ്റില്‍ ഇന്റര്‍ മിലാനുവേണ്ടി ഡേവിഡ് ഫ്രാറ്റെസിയുടെ വിജയഗോള്‍. 79-ാം മിനിറ്റില്‍ പകരക്കാരുടെ ബെഞ്ചില്നിന്നെത്തിയതായിരുന്നു ഫ്രാറ്റെസി. സാന്‍ സിറോ സ്റ്റേഡിയം തിരമാലയായ നിമിഷം. ബാഴ്സയുടെ പതിനേഴുകാരനായ സൂപ്പര്‍ താരം ലാമിന് യമാല്‍ അടക്കം ഇന്ററിന്റെ ഗോള്‍ മുഖത്തു സമ്മര്‍ദം ചെലുത്തിയെങ്കിലും കോട്ടവാതില്‍ തകര്‍ന്നില്ല.
ഏഴാം ഫൈനല്‍
ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍ മിലാന് ഫൈനലില്‍ പ്രവേശിക്കുന്നത് ഇത് ഏഴാം തവണ. 2022-23 സീസണിലാണ് അവസാനമായി ഇന്റര്‍ ഫൈനല്‍ കളിച്ചത്. മൂന്നു തവണ (1964, 1965, 2010) ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട ചരിത്രവും ഇന്റര്‍ മിലാനു സ്വന്തം.
13 ഗോള്‍
യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ചരിത്രത്തിലെ റിക്കാര്‍ഡ് സ്കോറിംഗ് പോരാട്ടമായിരുന്നു ഇന്റര്‍ മിലാനും (7) ബാഴ്സലോണയും (6) തമ്മില്‍ അരങ്ങേറിയത്. ഇരുപാദങ്ങളിലുമായി 13 ഗോള്‍ പിറന്നു. 2017-18 സീസണില്‍ ലിവര്‍പൂള്‍ എഫ്സിയും എഎസ് റോമയും സെമിയില്‍ 13 ഗോള്‍ സ്കോര്‍ ചെയ്തു. ആദ്യപാദത്തില്‍ ലിവര്‍പൂളും (5-2) രണ്ടാംപാദത്തില്‍ റോമയും (4-2) ജയം നേടിയിരുന്നു.