ബൈ... ബൈ... രോഹിറ്റ്
Thursday, May 8, 2025 4:25 AM IST
മുംബൈ: ഐപിഎല്‍ ട്വന്റി-20യുടെ ആവേശത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ പിടിച്ചുലച്ച് രോഹിത് ശര്‍മ ടെസ്റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. തികച്ചും അപ്രതീക്ഷിതമായി, സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു രോഹിത് തന്റെ തീരുമാനം അറിയിച്ചത്. “ഏവര്‍ക്കും ഹലോ! ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന വിവരം പങ്കിടാന്‍ ആഗ്രഹിക്കുന്നു.
വെള്ള നിറത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് പരമമായ ബഹുമതിയാണ്. വര്‍ഷങ്ങളോളം നല്കിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരും’’-രോഹിത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഓസ്ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റിലാണ് രോഹിത് ഇന്ത്യക്കായി അവസാനമായി കളിച്ചത്. ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി പരമ്പരയിലെ അഞ്ചാം മത്സരത്തില്‍നിന്ന് ക്യാപ്റ്റന്‍ രോഹിത് വിട്ടുനിന്നിരുന്നു. ജൂണ്‍-ജൂലൈയില്‍ ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ രോഹിത് നയിക്കുമെന്ന പ്രതീതി നില്‍ക്കേയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍നിന്നുള്ള പടിയിറക്കം. 2024 ജൂണില്‍ ഐസിസി ലോകകപ്പ് നേട്ടത്തിനു പിന്നാലെ ട്വന്റി-20 ക്രിക്കറ്റില്‍നിന്നും രോഹിത് വിരമിച്ചിരുന്നു.
മങ്ങിയ ഫോം
മോശം ഫോമിനെത്തുടര്‍ന്നാണ് രോഹിത്തിന്റെ വിരമിക്കല്‍. 2024ല്‍ 10.93 മാത്രമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റിംഗ് ശരാശരി. എട്ട് ടെസ്റ്റിലെ 15 ഇന്നിംഗ്സില്നിന്നുള്ള കണക്കാണിത്. ഇതില്‍ 10 ഇന്നിംഗ്സില്‍ ഒരക്കത്തില്‍ രോഹിത് പുറത്തായിരുന്നു എന്നതും ശ്രദ്ധേയം. 2024-25 ടെസ്റ്റ് സീസണില്‍ ചുരുങ്ങിയത് 15 ഇന്നിംഗ്സ് കളിച്ച മുന്‍നിര ബാറ്റര്‍മാരില്‍ ഏറ്റവും കുറവ് ശരാശരിയാണ് രോഹിത്തിന്റേത്.
സെഞ്ചുറിയോടെ തുടക്കം
2013 നവംബറില്‍ ഈഡന് ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ 177 റണ്‍സ് നേടിയായിരുന്നു രോഹിത് ശര്‍മയുടെ ടെസ്റ്റ് അരങ്ങേറ്റം. ആറാം നമ്പറായി ആയിരുന്നു അന്ന് രോഹിത് ക്രീസിലെത്തിയത്. അരങ്ങേറ്റത്തിനും ആറു വര്‍ഷത്തിനുശേഷം (2019 ഒക് ടോബറില്‍) ദക്ഷിണാഫ്രിക്കയ്ക്കെതിരേ വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചു.

ഓപ്പണറായുള്ള അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും (176, 127) സെഞ്ചുറി നേടി രോഹിത് സൂപ്പര്‍ ഹിറ്റായി. ടെസ്റ്റ് കരിയറില്‍ 116 ഇന്നിംഗ്സില്‍നിന്ന് 12 സെഞ്ചുറിയും 18 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 4301 റണ്‍സ് നേടി. 2019 ഒക് ടോബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ റാഞ്ചിയില്‍ നേടിയ 212 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍.
ക്യാപ്റ്റന്‍ രോഹിത്
2021ല്‍ വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് രോഹിത് ശര്‍മ തല്‍സ്ഥാനത്തേക്ക് എത്തിയത്. ശ്രീലങ്കയ്ക്കെതിരായ രണ്ടു മത്സര ടെസ്റ്റ് പരമ്പരയായിരുന്നു രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. 2021-23 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ എത്തിയത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ്. എന്നാല്‍, ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു.
2023-25 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനോട് ഹോം പരമ്പരയില്‍ 3-0നു പരാജയപ്പെട്ടത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ നാണക്കേടായി. തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ 3-1നു പരാജയപ്പെട്ടപ്പോള്‍, നേടിയ ഏക ജയം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അല്ലായിരുന്നു എന്നതും മറ്റൊരു വാസ്തവം. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 24 ടെസ്റ്റ് കളിച്ചു. 12 എണ്ണത്തില്‍ ജയം സ്വന്തമാക്കി.