സമാധാന ശ്രമങ്ങളെ പരാജയപ്പെടുത്തരുത്: സീറോമലബാർ സഭ
Friday, May 9, 2025 3:14 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും ഐക്യവും സമാധാനവും സംജാതമാക്കുന്നതിനുമായി സീറോമലബാർ സഭയുടെ മെത്രാൻ സിനഡ് നിയമിച്ച മേജർ ആർച്ച്ബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനിക്കെതിരേ കഴിഞ്ഞ ദിവസം അതിരൂപത ആസ്ഥാനത്തു സഭാസ്നേഹികൾ എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം വ്യക്തികൾ നടത്തിയ പ്രതിഷേധ പ്രകടനവും അധിക്ഷേപ വർഷവും കൈയേറ്റശ്രമങ്ങളും തികച്ചും അപലപനീയമാണെന്നു സഭാ പിആർഒ റവ. ഡോ. ആന്റണി വടക്കേക്കര പ്രസ്താവനയിൽ പറഞ്ഞു.
മേല്പട്ട ശുശ്രൂഷകർക്കെതിരേ നടത്തുന്ന ഇത്തരം അനാദരവോടെയുള്ള പെരുമാറ്റങ്ങൾ സഭയെ പൊതുസമക്ഷം ആക്ഷേപിക്കുന്നതാണ്. വിയോജിപ്പുകളിൽ ക്രൈസ്തവ സ്നേഹവും പരസ്പര ബഹുമാനവും നഷ്ടപ്പെടുത്തുന്നവർ നാളുകളായി സീറോമലബാർ മെത്രാൻ സമിതി നടത്തിവരുന്ന സമാധാന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നവരാണോയെന്ന് സംശയിക്കേണ്ടിവരും.
മേജർ ആർച്ച്ബിഷപ്പിന്റെയും മെത്രാൻ സിനഡിന്റെയും നിർദേശങ്ങൾക്കനുസരിച്ചു പ്രശ്നപരിഹാരത്തിനായി മാർ പാംപ്ലാനി നടത്തുന്ന സമാധാന ശ്രമങ്ങളെയും സംഭാഷണങ്ങളെയും സംശയദൃഷ്ടിയോടെ മാത്രം കാണുന്നതും അസത്യപ്രചാരണങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തി അദ്ദേഹത്തെ സമൂഹമധ്യത്തിൽ അധിക്ഷേപിക്കുന്നതും സഭാസ്നേഹികളുടെ ശൈലിയല്ല.
ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി സഭയിൽ മുഴുവനായും നടപ്പിൽവരുത്താനുള്ള പരിശ്രമങ്ങളും തർക്കങ്ങൾ രമ്യതയിൽ പരിഹരിക്കുന്നതിനായി നൽകിയിരിക്കുന്ന ഇളവുകളും സീറോമലബാർ മെത്രാൻ സിനഡിന്റെ സംഘാതമായ ആലോചനയിൽ രൂപപ്പെട്ടവയാണ്.
സുവിശേഷ ചൈതന്യത്തിനു വിരുദ്ധവും ക്രൈസ്തവ സമൂഹത്തിന് അപമാനകരവുമായ പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കുന്നവർ ഐക്യവും സമാധാനവും സ്ഥാപിക്കുകയെന്ന നമ്മുടെ പൊതുവായ കൂട്ടുത്തരവാദിത്വം മറന്ന്, അനുരഞ്ജനശ്രമങ്ങൾ ഒരിക്കലും നടക്കാതിരിക്കാനുള്ള സംഘർഷത്തിന്റെ വഴികളാണ് തുറക്കുന്നത്.
സഭാത്മകമായി ഈ വിഷയങ്ങളെ മനസിലാക്കി പ്രശ്നപരിഹാരത്തിനായി ത്യാഗപൂർവം ശ്രമിച്ചുകൊണ്ടിരിക്കുന്ന മാർ പാംപ്ലാനിക്ക് ഉചിതമായ സാവകാശം നല്കണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നതായും സഭാ പിആർഒ പ്രസ്താവനയിൽ പറഞ്ഞു.