മദ്യപിച്ച് ബഹളമുണ്ടാക്കി; നടന് വിനായകൻ അറസ്റ്റിൽ
Friday, May 9, 2025 3:14 AM IST
കൊല്ലം: മദ്യപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കി ജീവനക്കാരോട് മോശമായി പെരുമാറിയതിന് നടന് വിനായകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ തേവള്ളിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം.
പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയായി ഹോട്ടലില്‍ താമസിക്കുകയായിരുന്ന താരം ഇന്നലെ മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന് പ്രകോപനമില്ലാതെ ഹോട്ടലിലെ ജീവനക്കാരോട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ബഹളം വയ്ക്കുകയുമായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസെത്തി വിനായകനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ മദ്യപിച്ചെന്ന് കണ്ടതിനെത്തുടര്‍ന്ന് ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു.
സ്റ്റേഷനകത്തുവച്ചും തന്നെ എന്തിനാണ് പിടിച്ചുകൊണ്ടു വന്നതെന്നു ചോദിച്ച് ബഹളമുണ്ടാക്കി. മദ്യപിച്ച് ബഹളമുണ്ടാക്കിയ കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.