എഎംആർ പ്രതിരോധം 450 ഫാർമസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; അഞ്ചെണ്ണം റദ്ദാക്കി
Friday, May 9, 2025 3:14 AM IST
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി 450 ഫാർമസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും അഞ്ചെണ്ണം റദ്ദാക്കുകയും ചെയ്തു.
മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ എഎംആർ ഉന്നതതലയോഗം ഇന്നലെ ചേർന്നു. പാൽ, ഇറച്ചി, മീൻ എന്നിവയിൽ ആന്റിബയോട്ടിക് അവശിഷ്ടം കണ്ടെത്തുന്നതിന് പരിശോധനകൾ ശക്തമാക്കാൻ യോഗം നിർദേശം നൽകി. കാലിത്തീറ്റകളിലെയും കോഴിത്തീറ്റകളിലെയും ആന്റിബയോട്ടിക്കുകളുടെ അളവു കുറയ്ക്കാൻ സമഗ്രമായ നടപടി സ്വീകരിക്കാനും നിർദേശം നൽകി.
കേരളത്തിലെ എല്ലാ ആശുപത്രികളെയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കുന്നതിന്റെ ഭാഗമായി ഒരു കളർ കോഡിംഗ് കൊണ്ടുവരാനും തീരുമാനിച്ചു. മൂന്നു മാസത്തിനുള്ളിൽ എല്ലാ ആശുപത്രികളിലും ഇതു നടപ്പിലാക്കും. ആന്റിബയോട്ടിക് സാക്ഷരതയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്കുള്ള മാർഗരേഖ പുറത്തിറക്കും.
ഇനിമുതൽ നിർബന്ധമായും ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി നീലക്കവറിൽ മാത്രമേ നൽകാൻ പാടുള്ളൂ. എല്ലാ ആശുപത്രികളും മെഡിക്കൽ സ്റ്റോറുകളും ഫാർമസികളും ഇതു നടപ്പിലാക്കണമെന്നും തീരുമാനിച്ചു.