സുധാകരന്റെ വിശ്വസ്തൻ; അടുപ്പക്കാരുടെ സണ്ണി വക്കീൽ, സർവസ്വീകാര്യൻ
Friday, May 9, 2025 3:14 AM IST
നിശാന്ത് ഘോഷ്
കണ്ണൂർ: കെ. സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത് ഒട്ടും മനഃക്ലേശത്തോടു കൂടിയായിരിക്കില്ല, പകരം അഭിമാനത്തോടെയാകും. കാരണം തന്റെ പിൻഗാമിയായി പാർട്ടി നിയോഗിച്ചത് തന്റെ വിശ്വസ്തനാണെന്ന അഭിമാനം.
ഡിസിസി പ്രസിഡന്റായപ്പോഴും പിന്നീടും കെ. സുധാകരൻ പലപ്പോഴും വാഴ്ത്തുപാട്ടുകാരുടെ നടുവിലകപ്പെട്ടു പോയിരുന്നപ്പോഴും വഴിതെളിച്ചു കൊടുക്കുന്നതിൽ മുന്നിലായിരുന്നു എന്നും സണ്ണി ജോസഫ്. സുധാകരന്റെ പിൻഗാമിയായി കണ്ണൂർ കോൺഗ്രസ് പ്രസ്ഥാനത്തെ നയിച്ച ചരിത്രവും ഇദ്ദേഹത്തിനുണ്ട്.
മുഖത്ത് നിറഞ്ഞ ചിരിയും ശബ്ദമുയർത്തി സംസാരിക്കാത്ത സൗമ്യതയുമാണ് സണ്ണി ജോസഫിന്റെ മുഖമുദ്ര. എങ്കിലും ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങൾ ആരുടെ മുഖത്ത് നോക്കിയും ഉറച്ച വാക്കുകളോടെ പറയാനും ഈ സൗമ്യത ഒരിക്കലും തടസമായിട്ടില്ല. പാർട്ടിക്കകത്തായാലും പുറത്തായാലും സണ്ണി ജോസഫ് ഏതെങ്കിലും വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചാൽ അതിൽ കാര്യമുണ്ടാകുമെന്ന് സഹപ്രവർത്തകരും മനസിലാക്കിയിരുന്നു.
ഓരോ വിഷയവും സൂക്ഷ്മമായി പഠിച്ചും അവലോകനം ചെയ്തും മാത്രമാണ് സണ്ണി ജോസഫ് ഏതു കാര്യത്തിലും പ്രതികരിക്കുന്നത്. അതുതന്നെയാണ് പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയുടെ അടിസ്ഥാനവും. കടുത്ത രാഷ്ട്രീയം പേറുന്ന കണ്ണൂരിന്റെ മണ്ണിൽപ്രതിപക്ഷ ബഹുമാനത്തിന്റെ മുഖം കൂടിയാണ് അഡ്വ. സണ്ണി ജോസഫ്.
രണ്ടു പതിറ്റാണ്ടോളം ധരിച്ച അഭിഭാഷകന്റെ ഗൗൺ സജീവ രാഷ്ട്രീയപ്രവർത്തനത്തിന് തടസമാകുന്നുണ്ടെന്ന് മനസിലാക്കിയതോടെയാണ് സണ്ണി ജോസഫ് ഇതഴിച്ചുവച്ചത്. അഭിഭാഷകന്റെ കുപ്പായമില്ലെങ്കിലും സഹപ്രവർത്തകർക്കും നാട്ടുകാർക്കും പരിചയക്കാർക്കും സണ്ണി ജോസഫ് ഇന്നും സണ്ണി വക്കീലാണ്. മികച്ച വോളിബോൾ കളിക്കാരൻ കൂടിയാണ് സണ്ണി വക്കീൽ.
ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന പേരാവൂർ ഇടക്കാലത്ത് കെ.കെ. ശൈലജയിലൂടെ സിപിഎം പിടിച്ചെടുത്തപ്പോൾ പേരാവൂർ കോൺഗ്രസിന്റെ കൈകളിൽ തിരിച്ചെത്തിച്ചത് സണ്ണി ജോസഫായിരുന്നു. 2011ലെ കന്നിയങ്കത്തിൽ 3440 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിറ്റിംഗ് എംഎൽഎയായിരുന്ന കെ.കെ. ശൈലജയെ പരാജയപ്പെടുത്തിയത്.
കേരളത്തിൽ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും പേരാവൂരുകാർ സണ്ണി ജോസഫിനെ ചേർത്തുനിർത്തുകയായിരുന്നു. 2016ൽ സിപിഎമ്മിലെ ബിനോയ് കുര്യനെ 7989 വോട്ടിന് പരാജയപ്പെടുത്തി രണ്ടാമൂഴത്തിൽ നിയമസഭയിലെത്തി. 2021ൽ മൂന്നാമങ്കത്തിൽ സിപിഎമ്മിലെ സക്കീർ ഹുസൈനെയാണ് പരാജയപ്പെടുത്തിയത്. 3172 വോട്ടായിരുന്നു ഭൂരിപക്ഷം.
മലയോര ജനതയുടെ ചിരകാലസ്വപ്നമായ ഇരിട്ടി താലൂക്ക് യാഥാർഥ്യമായതിനു പിന്നിൽ സണ്ണി ജോസഫിന്റെ നിതാന്തപരിശ്രമമുണ്ട്. ഇരിട്ടി താലൂക്ക് രൂപീകരണ ആക്ഷൻ കമ്മിറ്റി ചെയർമാനായി മൂന്നു പതിറ്റാണ്ടുകാലം പ്രവർത്തിച്ച ഇദ്ദേഹം എംഎൽഎ ആയതോടെയാണ് മലയോര താലൂക്ക് യാഥാർഥ്യമായത്. കേരളത്തിലെ താലൂക്കുകൾ വിഭജിച്ച് പുതുതായി 12 താലൂക്കുകൾ രൂപീകരിക്കുന്നതിനുവേണ്ടി സർക്കാരിനെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്നതിൽ കടുത്ത സമ്മർദം ചെലുത്തിയിരുന്നു.
മലയോരജനതയുടെയും കർഷകരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതു സമരമുഖത്തും അവർക്കൊപ്പം ഒരാളായിനിന്ന് പ്രവർത്തിക്കുന്നു എന്നതിനാൽ കക്ഷിരാഷ്ട്രീയത്തിനുമപ്പുറം സണ്ണി ജോസഫിനെ എല്ലാവർക്കും സ്വീകാര്യനാക്കുന്നുണ്ട്.