വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ കുടിയേറ്റ പുത്രൻ
Friday, May 9, 2025 3:14 AM IST
കണ്ണൂർ: കണ്ണൂരിൽ നിന്നുള്ള രണ്ടാമത്തെ കെപിസിസി പ്രസിഡന്റാണ് സണ്ണി ജോസഫ് എന്ന എഴുപത്തിനാലുകാരൻ.
മധ്യകേരളത്തിലെ തൊടുപുഴയിൽ നിന്ന് കണ്ണൂരിലെ കുടിയേറ്റ മേഖലയായ ഉളിക്കലിൽ കുടിയേറിയ ജോസഫ് വടക്കേക്കുന്നേൽ-റോസക്കുട്ടി ദന്പതികളുടെ മൂത്തമകനായി തൊടുപുഴയിൽ ജനിച്ച സണ്ണി ജോസഫിന്റെ പ്രാഥമിക വിദ്യാഭ്യാസം ഉളിക്കൽ, എടൂർ, കിളിയന്തറ എന്നിവിടങ്ങളിലായിരുന്നു. തൊടുപുഴ ന്യൂമാൻ കോളേജിൽനിന്ന് ഡിഗ്രി പഠനം കഴിഞ്ഞ് കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കി.
മട്ടന്നൂർ, കണ്ണൂർ, തലശേരി എന്നിവിടങ്ങളിലെ കോടതികളിൽ അഭിഭാഷകനായിരുന്നു. കെഎസ്യുവിലൂടെയാണ് സംഘടനാ പ്രവർത്തനമാരംഭിക്കുന്നത്. തൊടുപുഴ ന്യൂമാൻസ് കോളജിൽ കെഎസ്യുവിന്റെ സജീവ പ്രവർത്തകനായിരുന്നു.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ സണ്ണി ജോസഫ് കേരള യൂണിവേഴ്സിറ്റി യൂണിയനംഗം, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പഠനവേളയിൽ യൂത്ത് കോൺഗ്രസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ഇരിക്കൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്തംഗം, കണ്ണൂർ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ, ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശേരി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ നിയമസഭയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും പ്രതിപക്ഷ ചീഫ് വിപ്പും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവുമാണ്. ഭാര്യ: പേരാവൂർ തടത്തഴ കുടുംബാംഗം എൽസി. മക്കൾ: ആഷ റോസ്, ഡോ. അഞ്ജു റോസ്. മരുമക്കൾ: പ്രകാശ് മാത്യു. ഡോ. സാൻസ് ബൗസിലി.