പി.പി. ദിവ്യക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ വിജിലൻസ് ഡയറക്ടറെ മാറ്റി
Saturday, May 10, 2025 2:04 AM IST
തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പി.പി. ദിവ്യയുടെ ബിനാമി കന്പനിക്കു കരാറുകൾ നൽകിയതിനെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി. അഴിമതിക്കാർക്കെതിരേ കടുത്ത നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് മുതിർന്ന ഡിജിപിയായ അദ്ദേഹത്തെ ഫയർ ആൻഡ് റസ്ക്യു വിഭാഗത്തിലേക്കു മാറ്റിയത്.
ഫയർ ആൻഡ് റസ്ക്യു മേധാവിയായിരുന്ന മനോജ് ഏബ്രഹാമിനെ വിജിലൻസ് ഡയറക്ടറായി മാറ്റി നിയമിച്ചു.
ദിവ്യയുമായി ബന്ധപ്പെട്ട പ്രാഥമികാന്വേഷണത്തിൽ ബിനാമി ഇടപാടിൽ കേസെടുക്കാനും ദിവ്യയുടെയും കുടുംബത്തിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാനും വിജിലൻസ് മേധാവി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ മാറ്റിയത്.
കൈക്കൂലിക്കാർക്കെതിരേ കർക്കശ നടപടികളാണ് വിജിലൻസ് സ്വീകരിച്ചത്. സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് വിജിലൻസ് ശിപാർശ ചെയ്ത തിരുവനന്തപുരത്തെ വനം ഉദ്യോഗസ്ഥനെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നതിൽ യോഗേഷ് രേഖാമൂലം എതിർപ്പറിയിച്ചിരുന്നു.
വനം മന്ത്രിയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നതെന്ന് ഉത്തരവിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാൽ രേഖപ്പെടുത്തിയിരുന്നു. ഇതോടെ ജ്യോതിലാലിനെയും വനംവകുപ്പിൽനിന്നു മാറ്റിയിരുന്നു.
തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട ആരോപണമുയർന്ന എഡിജിപി എം.ആർ. അജിത്കുമാറിനെ എക്സൈസ് കമ്മീഷണറാക്കി. നിലവിൽ ബറ്റാലിയൻ എഡിജിപിയാണ്.
എക്സ് കേഡർ തസ്തിക സൃഷ്ടിച്ചാണ് നിയമനം. ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായയെ പോലീസ് അക്കാദമി ഡയറക്ടറാക്കി. എക്സൈസ് കമ്മീഷണറായിരുന്ന മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയാക്കി.
ഇന്റലിജൻസ് ഐജി ജി. സ്പർജൻകുമാറിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജിയാക്കി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജി പി. പ്രകാശിനെ കോസ്റ്റൽ പോലീസ് ഐജിയാക്കി.
പോലീസ് അക്കാദമി ഐജി കെ. സേതുരാമനെ ജയിൽ ഐജിയാക്കി. ജയിൽ മേധാവിയായി ഡിജിപി, എഡിജിപി തസ്തികയിലുള്ളവരെ നിയമിക്കേണ്ട സ്ഥാനത്ത് ഐജിയെ നിയമിക്കുകയായിരുന്നു. കൊച്ചി ക്രൈംബ്രാഞ്ച് ഐജി എ. അക്ബറിനെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയാക്കി.