ആയിക്കരയിൽ തെരുവുനായ ആക്രമണം: നിരവധി പേർക്ക് പരിക്ക്
Saturday, May 10, 2025 2:04 AM IST
കണ്ണൂർ: ആയിക്കര ഭാഗത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തെരുവുനായ സ്ത്രീയുടെ വിരൽ കടിച്ചു മുറിച്ചു. ഏഴു പേർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ആയിക്കരയിലെ കുമേനി സ്പോർട്സ് ക്ലബ് റോഡ്, ചിന്നക്കണ്ടി ഹമീദ് റോഡ് എന്നവിടങ്ങളിലാണ് ഇന്നലെ ഉച്ചയോടെ തെരുവുനായ ആക്രമണം ഉണ്ടായത്. പുതിയപുരയിൽ ഹാമിയുടെ വിരലാണ് തെരുവുനായ കടിച്ചു മുറിച്ചതിനെ ത്തുടർന്ന് അറ്റുപോയത്.വീടിന്റെ പുറത്ത് വിരിച്ചിട്ട വസ്ത്രം എടുത്തുമാറ്റുന്നതിനിടെയാണു വീട്ടമ്മയുടെ വിരൽ തെരുവുനായ കടിച്ചുപറിച്ചത്. നായയുടെ ആക്രമണത്തിൽ നിലത്തുവീണ ഇവരുടെ വിരൽ തെരുവുനായ കടിച്ചുപറിക്കുകയായിരുന്നു.
വെളുത്ത നിറത്തിലുള്ള ചെറിയ നായയാണു പ്രദേശത്ത് പലരെയും ആക്രമിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഹാർബർ തൊഴിലാളികളെയും നായ ആക്രമിച്ചു. നസറുദ്ദീൻ എന്ന ആറുവയസുകാരനും തെരുവുനായയുടെ കടിയേറ്റു.
കാസർഗോഡ്നിന്നു മാതാപിതാക്കൾക്കൊപ്പം ആയിക്കരയിലെ ബന്ധുവീട്ടിലെത്തിയ നസുറുദ്ദീൻ ഓട്ടോറിക്ഷയിൽ നിന്നിറങ്ങി നടന്നുപോകുന്നതിനിടെയാണു തെരുവുനായയുടെ കടിയേറ്റത്.
വീടിന്റെ പുറത്ത് സോഫയിൽ ഇരിക്കുകയായിരുന്ന ബിപ്പിരി കോയയെയും (75) നായ കടിച്ചു. നായ കടി വിടാതെ ഏറെ നേരം നിൽക്കുകയും പിന്നീട് തൊഴിച്ചപ്പോൾ കടി വിടുകയുമായിരുന്നുവെന്നു ബിപ്പിരിക്കോയ പറഞ്ഞു. ഇയാളുടെ കൈയ്ക്കും കാലിനുമെല്ലാം കടിയേറ്റിട്ടുണ്ട്. തെരുവുനായ ആക്രമണത്തെത്തുടർന്ന് സമീപത്തെ മതപഠന സ്ഥാപങ്ങൾക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചു.