ഇനി ഡിസിസി പുനഃസംഘടന; കെപിസിസി ഭാരവാഹികളിലും മാറ്റം
Saturday, May 10, 2025 2:04 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറും അടക്കമുള്ളവരുടെ മാറ്റത്തിനു പിന്നാലെ സംസ്ഥാനത്തെ ഡിസിസി അധ്യക്ഷൻമാരുടെ പുനഃസംഘടന വരും.
സംസ്ഥാന തലത്തിൽ എല്ലാ സമവാക്യങ്ങളുടെയും അടിസ്ഥാനത്തിൽ അഞ്ചു പേരുടെ പുനഃസംഘടന പ്രഖ്യാപിച്ച മാതൃകയിലാകും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തലത്തിലുള്ള മാറ്റവും വരിക. യുവത്വം, പരിചയസന്പത്ത്, സാമുദായിക സമവാക്യം എന്നിവയ്ക്കെല്ലാം മുൻതൂക്കം നൽകിയുള്ള ഡിസിസി പുനഃസംഘടനാ പട്ടികയാകും പ്രഖ്യാപിക്കുക.
കെപിസിസി അധ്യക്ഷനിൽ മാറ്റം വന്നതോടെ സാങ്കേതികമായി കമ്മിറ്റി തന്നെ നിലവിൽ ഇല്ലാതായ സാഹചര്യവുമുണ്ട്. നിലവിലുള്ള വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി എന്നിവർക്കു പകരം പുതിയ ഭാരവാഹികൾ വന്നേക്കും. 32 ജനറൽ സെക്രട്ടറിമാർ അടക്കമുള്ള ജംബോ കമ്മിറ്റിയെ ഒഴിവാക്കി പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യത്തിനാണു മുൻതൂക്കം.
നേരത്തേ തീരുമാനിച്ചതുപോലെ പ്രതീക്ഷിച്ച പ്രവർത്തനപുരോഗതി ഇല്ലാത്ത 10 ഡിസിസി അധ്യക്ഷന്മാരെയെങ്കിലും മാറ്റണോ, അതോ എല്ലാ ഡിസിസികളിലും അഴിച്ചുപണി വേണോ എന്നതാണ് പ്രധാനമായി ചർച്ച ചെയ്യുന്നത്.
മുഴുവൻ ഡിസിസി അധ്യക്ഷന്മാരെയും മാറ്റാൻ തീരുമാനിച്ചാൽ, ഇതിൽ പ്രവർത്തനമികവുള്ളവരെ കെപിസിസി ഭാരവാഹിത്വത്തിലേക്ക് ഉയർത്തും.
തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യത്തിൽ വേഗത്തിൽ പുനഃസംഘടനാ നടപടികൾ പൂർത്തിയാക്കണമെന്ന ആവശ്യത്തിനാണു മുൻതൂക്കം. പ്രവർത്തന പുരോഗതിയുള്ളവരെ നേതൃത്വത്തിലേക്കു പരിഗണിച്ചാൽ മതിയെന്ന നിർദേശവുമുണ്ട്.
മുൻ അധ്യക്ഷന്മാർക്കൊന്നും കിട്ടാത്ത പ്രവർത്തകസമിതി അംഗത്വം ലഭിച്ചു; ഇടയാതെ സുധാകരൻ
കെപിസിസി മുൻ അധ്യക്ഷന്മാരായ കെ. മുരളീധരനും വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും എം.എം. ഹസനും ലഭിക്കാത്ത കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗത്വമാണ് കെ. സുധാകരനു ലഭിച്ചത്. കോണ്‍ഗ്രസ് പാർട്ടിയുടെ രാജ്യത്തെ ഏറ്റവും ഉന്നത ഘടകകമായ പ്രവർത്തകസമിതിയിൽ സ്ഥിരം ക്ഷണിതാവ് സ്ഥാനമാണ് കെപിസിസി പ്രസിഡന്റ് പദവി ഒഴിഞ്ഞതിനു പിന്നാലെ കെ. സുധാകരനു ലഭിച്ചത്.
മുൻ പ്രസിഡന്റുമാരായിരുന്ന പലരും ഹൈക്കമാൻഡ് മാറ്റിയ ശേഷമാണ് ഇക്കാര്യം അറിഞ്ഞത്. എന്നാൽ, കെ. സുധാകരനെ ഇക്കാര്യം നേരത്തേ ഹൈക്കമാൻഡ് അറിയിച്ചിരുന്നു. അദ്ദേഹവുമായി വിശദമായി ചർച്ചയും നടത്തിയിരുന്നു. അദ്ദേഹത്തിന്റെകൂടി നോമിനിയായ സണ്ണി ജോസഫിനെ പകരം കെപിസിസി അധ്യക്ഷനാക്കുകയും ചെയ്തു.
കെപിസിസിയുടെ മുൻ അധ്യക്ഷന്മാരിൽ രമേശ് ചെന്നിത്തല മാത്രമാണ് പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതാവായുള്ളത്. ഇതിനാലാണ് പുനഃസംഘടനയിൽ ഇടയുമെന്നു പലരും കരുതിയിരുന്ന കെ. സുധാകരൻ ഇതിനെ അംഗീകരിച്ചത്.
എന്നാൽ, യുഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി മാറ്റുകയും മറ്റു പദവികൾ ലഭിക്കാതിരിക്കുകയും ചെയ്തത് എം.എം. ഹസനാണ്. വ്യാഴാഴ്ച രാവിലെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് മാറ്റത്തിന്റെ വിവരം ഹസനെ അറിയിച്ചത്.
കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന അടൂർ പ്രകാശിനെ പിന്നീട് ഈഴവ പ്രാതിനിധ്യം ചില നേതാക്കൾ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് കണ്‍വീനറാക്കുകയായിരുന്നു.
കെ. സുധാകരനെ കൂടി ഉൾപ്പെടുത്തിയതോടെ കേരളത്തിൽനിന്ന് ആറു പേർ കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായി. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, ശശി തരൂർ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് കെ. സുധാകരനു പുറമേ പ്രവർത്തകസമിതിയിലുള്ളത്. കോണ്‍ഗ്രസ് പ്രവർത്തക സമിതിയിൽ ഇത്രത്തോളം മലയാളികൾ എത്തുന്നതും അപൂർവമാണ്.