സ്നേഹത്തിൽ അധ്യക്ഷത വഹിക്കുന്ന പാപ്പാസ്ഥാനം
Saturday, May 10, 2025 2:54 AM IST
റവ. ഡോ. ജോസ് കൊച്ചുപറന്പിൽ
പത്രോസിന്റെ പിൻഗാമിയായ മാർപാപ്പ അജപാലകനായ റോമിലെ സഭയെ സ്നേഹത്തിൽ അധ്യക്ഷസ്ഥാനം അലങ്കരിക്കുന്ന ഒന്നായി അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ് (എഡി 108) വിശേഷിപ്പിച്ചത് ഇന്നും പാപ്പാസ്ഥാനത്തിന്റെ അനന്യത അടയാളപ്പെടുത്തുന്ന ഒന്നായി തുടരുന്നു.
പലതുകൊണ്ടും പ്രത്യേകത നിറഞ്ഞതാണ് മാർപാപ്പയുടെ സ്ഥാനം. ഒന്നാമതായി ഇതൊരു ദൈവിക നിയോഗവും ശുശ്രൂഷയുമാണ്. “നീ കേപ്പായാണ്, ഈ പാറമേൽ ഞാൻ എന്റെ സഭയെ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല’’ (മത്തായി 16:18) എന്നരുൾചെയ്തുകൊണ്ട് പുത്രൻതന്പുരാൻ ഭൂമിയിൽ സ്ഥാപിച്ച ഒരു ദൈവിക ശുശ്രൂഷാസ്ഥാനമാണ് മാർപാപ്പമാരിലൂടെ ഇന്നും തുടരുന്നത്. പത്രോസേ, നീ ഇവരെക്കാളധികം എന്നെ സ്നേഹിക്കുന്നുവോ? ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നുവല്ലോ എന്ന പത്രോസിന്റെ പ്രത്യുത്തരം ലഭിച്ചശേഷമാണ് ഈശോ തന്റെ ഇടയദൗത്യം അദ്ദേഹത്തെ ഭരമേൽപ്പിക്കുന്നത്.
“എന്റെ കുഞ്ഞാടുകളെ മേയ്ക്കുക’’(യോഹന്നാൻ 21:16-17). തന്നെ ഭരമേൽപ്പിച്ച സഭയെ സത്യത്തിലും നീതിയിലും സന്മാർഗത്തിലും വിശുദ്ധിയിലും നയിക്കുക എന്ന ദൈവികദൗത്യമാണ് പത്രോസിന്റെ പിൻഗാമികളായ മാർപാപ്പമാർക്കുള്ളത്. “നീ തിരിച്ചുവന്ന് നിന്റെ സഹോദരങ്ങളെ ശക്തിപ്പെടുത്തുക’’ (ലൂക്ക 22:32). ധാർമികബോധവും ആത്മീയചൈതന്യവും നല്കി സഭയെയും സമൂഹത്തെയും ശക്തിപ്പെടുത്തുക എന്ന ആത്മീയമായ ശുശ്രൂഷയാണ് മാർപാപ്പയുടേത്.
പാവങ്ങളോടും പാർശ്വവത്കരിക്കപ്പെട്ടവരോടും പക്ഷംചേർന്ന് ലോകമനഃസാക്ഷിയെ ഉണർത്തിയ മഹാനായ ഫ്രാൻസിസ് പാപ്പായുടെ പിൻഗാമിയായി 267-ാമത്തെ പാപ്പായായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ മാർപാപ്പയും തന്റെ പേര് സൂചിപ്പിക്കുന്നതുപോലെ സഭയ്ക്കും ലോകത്തിനും സാമൂഹികനീതിയുടെയും ധാർമികതയുടെയും വെളിച്ചം പകർന്ന ലെയോ പതിമൂന്നാം പാപ്പായുടെ ചൈതന്യത്തിൽ തന്റെ ശുശ്രൂഷ ഏറ്റെടുത്തിരിക്കുകയാണല്ലോ.
പരമാധികാര സിംഹാസനങ്ങളിൽ ഒന്നാമതായി നിഖ്യാ സൂനഹദോസ് നിർവചിച്ച റോമിലെ പാപ്പായുടെ സ്ഥാനം സഭകളിലെങ്ങും അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. ആ സ്ഥാനത്തിരുന്നു കൊടുക്കുന്ന നേതൃത്വം ഇന്ന് സഭകളും ലോകം മുഴുവനും ഉറ്റുനോക്കുന്നു.
ഇത് കേവലം ആഹ്വാനങ്ങളും പ്രബോധനങ്ങളും വഴി മാത്രമല്ല, ജീവിതസാക്ഷ്യങ്ങൾ വഴിയുമാണ് മാർപാപ്പമാർ നിർവഹിക്കുന്നത്. ഇതുവരെയുണ്ടായ മാർപാപ്പമാരിൽ 30 ശതമാനവും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരാണ് എന്നത് ഇതിന്റെ ഉദാഹരണമാണ്. 83 വിശുദ്ധ മാർപാപ്പമാരിൽ 31 പേർ രക്തസാക്ഷികളാണ്!
Primus Inter Pares. തുല്യരിൽ ഒന്നാമൻ എന്ന തത്വത്തിൽ പുരാതന സഭകളെല്ലാം മാർപാപ്പമാരെ വിലമതിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഈ ഒന്നാംസ്ഥാനത്തിന്റെ നൈയാമിക പ്രയോഗത്തെ സംബന്ധിച്ചാണ് സഭൈക്യവേദികളിൽ ഇന്നു ചർച്ചകൾ നടക്കുന്നത്. ലോകത്തിന്റെ മനഃസാക്ഷിയായി ലോകരാഷ്ട്രങ്ങൾ ഇന്നു മാർപാപ്പയെ ആദരിക്കുന്നു.
കത്തോലിക്കാസഭയിലാകട്ടെ, മാർപാപ്പയുടെ പ്രഥമ സ്ഥാനീയത (Primacy) അംഗീകരിക്കപ്പെട്ട നിയമമാണ്. സഭയിൽ പൂർണവും സാർവത്രികവും ഭരണപരവുമായ അധികാരമുള്ള മാർപാപ്പമാരോടുള്ള ഐക്യത്തിലും വിധേയത്വത്തിലുമാണ് സഭ സഞ്ചരിക്കുന്നത്. വിശ്വാസ, ധാർമിക വിഷയങ്ങളിലുള്ള തെറ്റാവരം, ശ്ലൈഹിക പ്രമുഖ പിന്തുടർച്ച, മിശിഹായുടെ വികാരിസ്ഥാനവും ഇടയദൗത്യവും എന്നിവ പരിശുദ്ധപിതാവായ മാർപാപ്പയിലൂടെ തുടരുകയാണ് ചെയ്യുന്നത്.
തിരുസഭയിൽ യോഹന്നാന്റെയും വിശുദ്ധ പൗലോസിന്റെയും പരിശുദ്ധ മറിയത്തിന്റെയും ചിന്താധാരകളുണ്ടെന്നും അവയെല്ലാം പത്രോസിന്റെ നേതൃത്വത്തിലുള്ള ഭരണനിർവഹണത്തിലൂടെ ഐക്യത്തിൽ പരിപാലിക്കപ്പെടുന്നുവെന്നുമാണ് സ്വിസ് ദൈവശാസ്ത്രജ്ഞനായ ഹാൻസ് ഫോൺ ബാൽത്താസർ (1988) നിരീക്ഷിക്കുന്നത്.
മിശിഹായുടെ മാറിൽ ചാരിക്കിടന്ന യോഹന്നാൻ ഒരു മിസ്റ്റിക് ധാരയെ പ്രതിനിധാനം ചെയ്തെങ്കിൽ, സന്പൂർണ മാനസാന്തരത്തിലൂടെ സഭയുടെ പ്രേഷിതവരസമൃദ്ധധാരയെയാണ് വിശുദ്ധ പൗലോസ് പ്രതിനിധീകരിക്കുന്നത്. എന്നാൽ മരിയൻ ധാരയാകട്ടെ സദാ ദൈവത്തോട് അതെ എന്നു പ്രത്യുത്തരിക്കാൻ സഭയെ സഹായിക്കുന്നു. ഈ ധാരകളെയെല്ലാം ഏകോപ്പിക്കുന്ന ഐക്യത്തിന്റെ നേതൃശുശ്രൂഷയാണ് പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയുടേത്.
ലെയോ പതിനാലാമൻ മാർപാപ്പയിലൂടെ അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ, “സഭയുടെ പ്രേഷിതയാത്ര’’, ഒരു സിനഡൽ യാത്രയായി, ലോകത്തെ ജനങ്ങളെയെല്ലാം ശുശ്രൂഷിക്കുന്ന ഒന്നായി മാറുവാൻ നമുക്കു കാത്തിരിക്കാം.