രാജ്യത്തിന്റെ നിലപാടുകൾക്കൊപ്പം അണിചേരുക: മുഖ്യമന്ത്രി
Saturday, May 10, 2025 2:04 AM IST
കണ്ണൂർ: നമ്മുടെ രാജ്യം അതീവ ഗുരുതരാവസ്ഥ നേരിടുന്ന സാഹചര്യത്തിലൂടെ കടന്നു പോകുന്പോൾ രാജ്യം സ്വീകരിക്കുന്ന നിലപാടുകൾക്കൊപ്പം എല്ലാവരും അണിചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും പോറൽ ഏൽപ്പിക്കാനുള്ള നീക്കമാണ് ഭീകരാക്രമണത്തിലൂടെ നടക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യം നടത്തുന്ന എല്ലാ നടപടികളിലും അണിചേരുക ഏറ്റവും പ്രധാനമാണ്.
ഭീകരാക്രമണത്തിൽ ഒട്ടേറെ സഹോദരങ്ങൾക്ക് ജീവൻ വെടിയേണ്ടി വന്നു. വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും അക്രമസംഭവത്തിൽ കടുത്ത പ്രതിഷേധവുമുള്ളവരാണ് നാം. അയൽരാഷ്ട്രങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ വിപരീത ദിശയിലാണ് പലപ്പോഴും കാര്യങ്ങൾ നീങ്ങുന്നത്. ഇന്ത്യയെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും രാജ്യം ഗൗരവമായി കാണുന്നു. നല്ല രീതിയിൽ പ്രതിരോധിക്കാൻ രാജ്യത്തിനു കഴിഞ്ഞു.
പ്രതിരോധ നടപടികളിൽ പൂർണമായി സഹകരിക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോൾ ചെയ്യേണ്ടത്. രാജ്യം അതീവ ഗുരുതരമായ സാഹചര്യം നേരിടുമ്പോൾ നമ്മളും അതോടൊപ്പം അണി നിരക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തിൽ കേരളം എത്തരത്തിൽ ആയിരിക്കണമെന്നതു സംബന്ധിച്ച് മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനിക്കും.
നമ്മുടെ സഹോദരങ്ങൾ രാജ്യത്തിന്റെയും ലോകത്തിന്റെയും പല ഭാഗങ്ങളിലുമുണ്ട്. ഇപ്പോൾ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ബന്ധപ്പെടാൻ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി സർക്കാർ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തും.
ആവശ്യമായ എല്ലാ സഹായങ്ങളും പ്രശ്നം അനുഭവിക്കുന്നവർക്കു നൽകുക എന്നാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.