ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം തടഞ്ഞുവച്ചു
Saturday, May 10, 2025 2:04 AM IST
കോഴിക്കോട്: സംഘര്‍ഷത്തിനിടെ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചു. നേരത്തേ ഈ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദമായിരുന്നു. ഈ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാനെത്തിയ സെന്ററുകളില്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.
പ്രതികളെ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു. റിസള്‍ട്ടുമായി ബന്ധപ്പെട്ട തുടര്‍ കാര്യങ്ങള്‍ വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കും.
ഫെബ്രുവരി 28നാണ് താമരശേരിയിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായത്. എളേറ്റില്‍ വട്ടോളി എംജെ ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്.
എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും തമ്മിൽ ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടര്‍ന്നാണ് ഷഹബാസിനെ സഹവിദ്യാർഥികള്‍ ക്രൂരമായി മര്‍ദിച്ചത്.