പുതിയ മാർപാപ്പ: അളവറ്റ ആനന്ദത്തിൽ വയനാടൻ ജനത
Saturday, May 10, 2025 2:04 AM IST
അരുണ്‍ വിൻസന്റ്
മാനന്തവാടി: കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് പുതിയ മാർപാപ്പയായത് വയനാടൻ ജനതയിൽ പകർന്നത് സവിശേഷ ആനന്ദം. അമേരിക്കക്കാരനായ പാപ്പ അഗസ്റ്റീനിയൻ സഭയുടെ ജനറൽ ആയിരിക്കേ മാനന്തവാടിയിലും തലപ്പുഴയിലും സന്ദർശനം നടത്തിയിട്ടുണ്ട്. 2006 ഓക്ടോബർ ആറ്, എഴ് തീയതികളിൽ
തലപ്പുഴയിലെ ചുങ്കം പള്ളി എന്നറിയപ്പെടുന്ന സെന്റ് തോമസ് ലാറ്റിൻ ചർച്ചിൽ രണ്ടുദിവസം അദ്ദേഹം താമസിച്ചിരുന്നു. ഇവിടേക്കുള്ള യാത്രയ്ക്കിടെ വയനാട്ടിലെ ആദ്യ ദേവാലയമായ മാനന്തവാടി അമലോദ്ഭവമാതാ പള്ളിയിലും സന്ദർശനം നടത്തി. കേരളത്തിൽ അഗസ്റ്റീനിയൻ സഭയുടെ ആസ്ഥാനമായ ആലുവയിലും രണ്ടു തവണ അദ്ദേഹം എത്തിയിരുന്നു.
പുതിയ പാപ്പ മുന്‍പ് നടത്തിയ വയനാട് സന്ദർശനത്തെക്കുറിച്ചുള്ള ഓർമകൾ ചുങ്കം പള്ളി വികാരിയായിരുന്ന ഫാ.വില്യം രാജൻ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത് വൈറലായി.