പാലാ രൂപത മിഷനറി സംഗമം ഇന്ന്
Saturday, May 10, 2025 2:04 AM IST
പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ക്രൈസ്തവവിശ്വാസ സാക്ഷ്യവുമായി രൂപതയില്‍ നിന്നുള്ള മിഷനറിമാരുടെ സംഗമം ഇന്ന് പ്രവിത്താനം മാര്‍ ആഗസ്തിനോസ് ഫൊറോന പളളിയില്‍ നടക്കും. രൂപതയുടെ ആത്മീയ സമ്പത്തുകളായ 4000 ലേറെ പേര് മിഷനറി സംഗമത്തില്‍ ഒത്തുചേരും.
രൂപതാംഗങ്ങളായ സന്യാസിനിമാരും 2700 ലേറെ സന്യാസ സഹോദരങ്ങളും രൂപതാംഗങ്ങളായ 30 ല്‍ പരം മെത്രാന്മാരും സ്വദേശത്തും വിദേശത്തുമായി ശുശ്രൂഷ ചെയ്യുന്ന പാലാ രൂപതാംഗങ്ങളായ മിഷനറിമാരും പാലാ രൂപതയ്ക്കുള്ളില്‍ ശുശ്രൂഷ ചെയ്യുന്ന രൂപതാംഗങ്ങളായ എല്ലാ വൈദികരും സിസ്റ്റേഴ്സും വിവിധ സന്യാസ സമൂഹങ്ങളില്‍പ്പെട്ട വൈദികരും സന്യസ്തരും സംഗമത്തിൽ പങ്കെടുക്കും. രാവിലെ എട്ടിന് രജിസ്ട്രേഷന് ആരംഭിക്കും.
9.15 നു വിശുദ്ധ കുര്‍ബാനക്ക് ഒരുക്കമായുളള പ്രദക്ഷിണം. 9.30 നു വിശുദ്ധ കുര്‍ബാന. നിരവധി മെത്രാന്മാര് പങ്കെടുക്കും. 11.15 ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ മെത്രാന്മാരും കേന്ദ്ര സംസ്ഥാന മന്ത്രിമാരും എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയ ജനപ്രതിനിധികളും വിവിധ സന്യാസസമൂഹങ്ങളുടെ സുപ്പിരിയര്‍ ജനറല്‍, പ്രോവിന്ഷ്യല് സുപ്പിരിയര്മാര് എന്നിവരും പങ്കെടുക്കും.