ഇന്ത്യ-പാക് സംഘര്‍ഷത്തിൽ ഐപിഎൽ ഇരുട്ടിൽ...
Friday, May 9, 2025 11:50 PM IST
മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിനു താത്കാലിക വിരാമം.
ഐപിഎല്‍ ഒരു ആഴ്ചത്തേക്കു നിര്‍ത്തിവച്ചതായി ബിസിസിഐ അറിയിച്ചു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്റെ വ്യോമാക്രമണം ശക്തമായ പശ്ചാത്തലത്തിലാണ് ഐപിഎല്‍ നിര്‍ത്തിവച്ചത്. ഐപിഎല്‍ സ്റ്റേഡിയങ്ങള്‍ക്കു സുരക്ഷാ ഭീഷണി ഉണ്ടെന്നതു പരിഗണിച്ചാണ് ബിസിസിഐയുടെ തീരുമാനം.
വ്യാഴാഴ്ച ധരംശാലയില്‍ പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള മത്സരം 11-ാം ഓവറിന്റെ ആദ്യ പന്തിനുശേഷം നിര്‍ത്തിവച്ചിരുന്നു. ബ്ലാക്ക് ഔട്ട് (ലൈറ്റ് അണയ്ക്കല്‍) നിര്‍ദേശത്തെത്തുടര്‍ന്ന് ഫ്ളഡ് ലൈറ്റുകള്‍ അണച്ചു, തുടര്‍ന്ന് മത്സരം റദ്ദാക്കിയതായുള്ള അറിയിപ്പെത്തി. ഇന്നലെ ബിസിസിഐ ഐപിഎല്‍ ഫ്രാഞ്ചൈസികളുമായും ഓഹരി ഉടമകള്‍, പരസ്യദാതാക്കള്‍, ബ്രോഡ്കാസ്റ്റേഴ്സ് തുടങ്ങിയവരുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാമെന്ന തീരുമാനം കൈക്കൊണ്ടത്.
എന്നു പുനരാരംഭിക്കും
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണിന്റെ ലീഗ് റൗണ്ടില്‍ 12 മത്സരങ്ങള്‍ മാത്രം അവശേഷിക്കേയാണ് ടൂര്‍ണമെന്റ് താത്കാലിമായി നിര്‍ത്തിവച്ചിരിക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് ഇനി എന്നു പുനരാരംഭിക്കും എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഉത്തരം ബിസിസിഐ നല്‍കിയിട്ടില്ല.
സാഹചര്യങ്ങള്‍ വിലയിരുത്തി, സര്‍ക്കാര്‍, ഓഹരി ഉടമകള്‍, ടീം അധികൃതര്‍ തുടങ്ങിയവരുമായി ചര്‍ച്ചചെയ്ത് ഐപിഎല്ലിന്റെ പുതിയ മത്സരക്രമവും വേദിയും അറിയിക്കാമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്.
വിദേശ താരങ്ങളുടെ പങ്കാളിത്തം
ഐപിഎല്‍ ഒരു ആഴ്ചത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് ചില കേന്ദ്രങ്ങളില്‍നിന്നുള്ള സൂചന. മാത്രമല്ല, വിദേശ കളിക്കാരുടെ പങ്കാളിത്തത്തിലും കുറവുണ്ടായേക്കും. നിലവില്‍ വിദേശ കളിക്കാരെ പ്രത്യേക വിമാനത്തില്‍ തിരിച്ചയയ്ക്കാനാണ് നിര്‍ദേശം. മാത്രമല്ല, വിദേശ കളിക്കാര്‍ക്കു രാജ്യാന്തര മത്സരങ്ങളിലേക്കു തിരിയേണ്ടതിനാല് അവരില്‍ എത്രപേര്‍ ഐപിഎല്ലിന്റെ പുതിയ ഷെഡ്യൂളില്‍ ഉണ്ടാകുമെന്നതും നിശ്ചയമില്ല.
സാധ്യത ഇങ്ങനെ
മുന്‍നിശ്ചയിച്ച നിലയിലാണെങ്കില്‍ മേയ് 25നു കോല്‍ക്കത്ത ഈഡന് ഗാര്ഡന്സിലായിന്നു 2025 സീസണ് ഐപിഎല്‍ ഫൈനല്‍ നടക്കേണ്ടിയിരുന്നത്. ഒരു ആഴ്ച മത്സരങ്ങള്‍ നീട്ടിവച്ചതോടെ മേയ് 25ന് ടൂര്‍ണമെന്റ് അവസാനിക്കില്ലെന്ന് ഉറപ്പായി.
ഫൈനല്‍ അടക്കം 16 മത്സരങ്ങളാണ് ഈ സീസണില്‍ ഇനി ബാക്കിയുള്ളത്. ഐപിഎല്ലിനു പിന്നാലെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്കു തിരിക്കാനിരിക്കുകയായിരുന്നു. ജൂണ്‍ 20നു ലീഡ്സിലാണ് ഇന്ത്യ x ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ്. ജൂലൈ 31ന് ഓവലില്‍ അഞ്ചാം ടെസ്റ്റ് നടക്കും. അതായത് ഐപിഎല്‍ നീട്ടിവയ്ക്കുന്നത് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടന മുന്നൊരുക്കത്തെ ബാധിക്കും.
ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനവും ഏഷ്യ കപ്പും ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്. ഒക് ടോബറില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഹോം ടെസ്റ്റ് പരമ്പര, ഓസ്ട്രേലിയയ്ക്കെതിരായ എവേ ട്വന്റി-20 പരമ്പര, നവംബറില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം എന്നിങ്ങനെയാണ് 2025ല്‍ ശേഷിക്കുന്ന ഷെഡ്യൂള്‍.
ചുരുക്കത്തില്‍ 2025 സീസണ് ഐപിഎല്‍ അനിശ്ചിതത്വത്തിന്റെ ഇരുട്ടിലകപ്പെട്ടിരിക്കുകയാണ്.
ഇക്കാര്യങ്ങള്‍ നിര്‍ണായകം
►ഒരു ആഴ്ചയ്ക്കുള്ളില്‍ ഐപിഎല്‍ 2025 സീസണ് പുനരാരംഭിച്ചില്ലെങ്കില്‍ ടീമുകളിലെ വിദേശ കളിക്കാരില്‍ പലരും രാജ്യാന്തര ഡ്യൂട്ടിക്കായി പോകും. അതോടെ അവരുടെ പങ്കാളിത്തം ഇല്ലാതാകും.
►വിദേശ കളിക്കാര്‍ പ്രത്യേക വിമാനത്തില്‍ സ്വദേശങ്ങളിലേക്കു മടങ്ങിത്തുടങ്ങി.
►പാക് സൂപ്പര്‍ ലീഗ് ഇതിനോടകം യുഎഇയിലേക്കു മാറ്റി.യുഎഇ പാക്കിസ്ഥാന്റെ നീക്കം അംഗീകരിച്ചിട്ടില്ല. അതിനാൽ ഐപിഎൽ യുഎഇയിൽ എത്താനുള്ള സാധ്യതയുണ്ട്.
►സര്ക്കാന് നിര്‍ദേശം അനുസരിച്ചുമാത്രമേ ഐപിഎല്‍ സീസണ് ഇനി പുനരാരംഭിക്കാന്‍ സാധിക്കൂ.
കടന്നുപോകുന്ന ഓരോ നിമിഷത്തിലും, എടുക്കുന്ന ഓരോ തീരുമാനത്തിലും, നമ്മുടെ ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, ഇന്ത്യന്‍ നേവി എന്നിവയെക്കുറിച്ച് അഭിമാനം തോന്നുന്നു. നമ്മുടെ യോദ്ധാക്കള്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനത്തിനായി തലയുയര്‍ത്തി നില്ക്കുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുക!
-രോഹിത് ശര്‍മ
ഈ ദുഷ്കര സമയത്ത് രാജ്യത്തെ സംരക്ഷിക്കുന്ന ഇന്ത്യന്‍ സായുധ സേനയെ ഐക്യദാര്‍ഢ്യത്തോടെ അഭിവാദ്യം ചെയ്യുന്നു. മഹത്തായ ഈ രാജ്യത്തിനായി അചഞ്ചലമായ ധീരതയോടെ നിലകൊള്ളുന്ന സൈന്യത്തിനും അവരുടെ കുടുംബങ്ങളുടെ ത്യാഗങ്ങള്‍ക്കും ഹൃദയംഗമമായ കൃതജ്ഞതയ്ക്കും എന്നേക്കും കടപ്പെട്ടിരിക്കുന്നു.
ജയ് ഹിന്ദ് -വിരാട് കോഹ്ലി