സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന് ഇന്ന് തുടക്കം
Tuesday, October 21, 2025 1:36 AM IST
തിരുവനന്തപുരം: മിന്നും പ്രകടനം നടത്തി പൊന്നിൻ നേട്ടം സ്വന്തമാക്കാനായി കേരളക്കരയിൽനിന്നും, അങ്ങകലെ ഗൾഫ് നാടുകളിൽനിന്നുമുള്ള കൗമാര കായിക പ്രതിഭകൾ അനന്തപുരിയുടെ മണ്ണില്ലെത്തി.
ഇനിയുള്ള ഒരാഴ്ച അനന്തപത്മനാഭന്റെ മണ്ണ് പുത്തൻ താരങ്ങളുടെ പോരാട്ടവീര്യത്തിന് സാക്ഷ്യം വഹിക്കും. കായിക കേരളത്തിന്റെ ഉത്സവമായ സംസ്ഥാന സ്കൂൾ കായികമേളയുടെ 64-ാം പതിപ്പിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിർവഹിക്കും.
14 റവന്യു ജില്ലകളിൽ നിന്നായി ഗെയിംസ്, അത്ലറ്റിക്സ് ഇനങ്ങളിലായി 20,000 ത്തോളം കായികതാരങ്ങളാണ് ഒരാഴ്ചക്കാലം തലസ്ഥാന നഗരയിൽ പോരാട്ടത്തിനിറങ്ങുന്നത്. ഉദ്ഘാടനച്ചടങ്ങും മാർച്ച് പാസ്റ്റും സ്കൂൾ കുട്ടികളുടെ കലാപ്രകടനങ്ങളുമാണ് ഇന്നു നടക്കുന്നത്. നാളെ മുതലാണ് കായികമേളയിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളുടെ കായിക മത്സരങ്ങളും നാളെ നടക്കും.
സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദിയും ഗെയിംസ് ഇനങ്ങളിലെ കൂടുതൽ മത്സരങ്ങൾ നടക്കുന്നതും. അത്ലറ്റിക്സ് മത്സരങ്ങൾക്ക് ചന്ദ്രശേഖരൻനായർ സ്റ്റേഡിയവും ത്രോ ഇനങ്ങൾക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയവും വേദിയാകും. ഇന്നലെ രാത്രി ഏറനാട് എക്സ്പ്രസിൽ എത്തിയ കായികതാരങ്ങളെ റെയിൽവേ സ്റ്റേഷനിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
നാളെ മുതൽ 28 വരെ 12 വേദികളിലായാണ് കായിക മത്സരങ്ങൾ നടക്കുക. 23 മുതലാണ് ഗെയിംസിന്റെ ഗ്ലാമർ ഇനങ്ങളായ അത്ലറ്റിക്സ് മത്സരങ്ങൾ. ഇന്ന് ഇൻക്ലൂസീവ് സ്പോർട്സിൽ 1,944 കായികതാരങ്ങളാണ് മത്സരിക്കുക.
ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്കൂളുകളിൽ നിന്നുള്ള 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇവരിൽ 12 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. 1,000 ഒഫീഷൽസുകളും 2,000 വോളണ്ടിയേഴ്സും കായികമേളയുടെ സുഗമമായ പ്രവർത്തനത്തിന് അണിനിരക്കും.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പാണ് ഇത്തവണ നൽകുന്നത്. വിവിധ ജില്ലാ ടീമുകൾ ഇന്ന് അവസാനവട്ട പരിശീലനവും പൂർത്തിയാക്കി നാളെ പോരാട്ടത്തിനായി ഇറങ്ങും.
ഓവറോൾ ചാന്പ്യൻ പട്ടത്തിനായി ഉള്ള പോരാട്ടത്തിൽ ആതിഥേയരായ തിരുവനന്തപുരവും കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ തൃശൂരും മൂന്നാം സ്ഥാനക്കാരായ മലപ്പുറവും തൊട്ടുപിന്നാലെയെത്തിയ പാലക്കാടുമെല്ലാം കൈമെയ് മറന്നുള്ള പ്രകടനത്തിനാവും തയാറെടുക്കുക.
ആള് ജര്‍മനാ...

തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയിട്ടുള്ള താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ബാസ്കറ്റ്ബോള്‍ ഗ്രൗണ്ടിലുമായി നടക്കുന്നത് 12 ഗെയിംസ് ഇനങ്ങള്‍. ഇതില്‍ 10 എണ്ണവും നടത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമായി ജര്‍മന്‍ പന്തല്‍ കൊണ്ട് ഉണ്ടാക്കിയ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണെന്നതാണ് ശ്രദ്ധേയം.
ഒരേസമയം അഞ്ചു മത്സരങ്ങള്‍ ഈ താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ കഴിയും. 90 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്.
സ്കൂള്‍ കായികമേളയ്ക്കായി കേരളത്തിലാദ്യമായാണ് താത്കാലിക ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം. 1000 പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലുള്ള താത്കാലിക ഗാലറിയും ഉണ്ട്.