ഗെറ്റ് സെറ്റ് ഗോ... സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു തിരിതെളിയും
Tuesday, October 21, 2025 2:14 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മാമാങ്കത്തിന് ഇന്ന് അനന്തപുരിയിൽ തുടക്കമാകും. വൈകുന്നേരം നാലു മുതൽ ഉദ്ഘാടന ചടങ്ങ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
നാളെ മുതൽ 28 വരെ ഗെയിംസിലും അത്ലറ്റിക്സിലുമായി 20,000ത്തോളം കായികതാരങ്ങൾ പോരാട്ടത്തിനായി അണിനിരക്കും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക. തുടർന്ന് ഇന്ത്യൻ കാല്പന്തുകളിയുടെ രാജകുമാരൻ ഐ.എം. വിജയൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കൊപ്പം മേളയുടെ ദീപശിഖ തെളിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണ് ബ്രാൻഡ് അംബാസഡറും ചലച്ചിത്ര താരം കീർത്തി സുരേഷ് ഗുഡ്വിൽ അംബാസഡറുമാണ്. 3,000ത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന മത്സര വേദി. ഇവിടെ താത്കാലിക ഇൻഡോർ സ്റ്റേഡിയത്തിൽ ഒരേസമയം അഞ്ചു ഗെയിംസ് ഇനങ്ങളുടെ മത്സരങ്ങൾ നടത്താൻ സാധിക്കും. സവിശേഷ പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കായുള്ള ഇൻക്ലൂസീവ് സ്പോർസ് മത്സരങ്ങളും നാളെ നടക്കും.